എസ്റ്റിമേറ്റ് തിരിച്ചയച്ചു;കൊപ്പൽ, കൊവ്വൽ ടെട്രാപോഡ് ഇല്ല തീരത്ത് 115 മീറ്റർ ദൂരത്തിൽ മാത്രം ജിയോബാഗ്
കാസർകോട്: വടക്കൻ കേരളത്തിലെ ഉദുമ കാപ്പിൽ, കൊപ്പൽ, കൊവ്വൽ കടപ്പുറങ്ങളിൽ കടലാക്രമണം തടയാൻ ടെട്രാപോഡ് സ്ഥാപിക്കണമെന്ന കടലോരവാസികളുടെ ആവശ്യത്തോട് പുറംതിരിഞ്ഞ് അധികൃതർ. കേന്ദ്രസഹായം ലഭിക്കാത്തതും സാമ്പത്തിക പ്രതിസന്ധിയും കാരണം ഇത്രയും വലിയ തുക ചിലവിടാനാകില്ലെന്നാണ് മേജർ ഇറിഗേഷൻ വകുപ്പ് കോഴിക്കോട് നോർത്ത് സർക്കിൾ സൂപ്രണ്ടിംഗ് എൻജിനിയർ നൽകുന്ന വിശദീകരണം.
കടുത്ത കടൽക്ഷോഭ മേഖലയായ കാപ്പിൽ ബീച്ചിൽ ശ്വാശ്വത തീരസംരക്ഷണത്തിനായി ടെട്രാപോഡ് സ്ഥാപിക്കുന്നതിന് സൂപ്രണ്ടിംഗ് എൻജിനിയർ ഓഫീസിൽ നിന്നും 33.90 കോടി അടങ്കൽ തുക വരുന്ന എസ്റ്റിമേറ്റ് 2023 മാർച്ച് ഒമ്പതിന് ചീഫ് എൻജിനിയറുടെ ഓഫീസിലേക്ക് അയച്ചിരുന്നു. 500 ലക്ഷം അടങ്കൽ വരുന്ന മറ്റൊരു എസ്റ്റിമേറ്റ് അതേവർഷം മാർച്ച് രണ്ടിനും അയച്ചു.
ഉദുമയുടെ കടൽത്തീരത്ത് രണ്ട് കിലോമീറ്റർ നീളത്തിൽ ടെട്രാപോഡ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 2024ൽ തീരദേശവാസികൾ പ്രക്ഷോഭം നടത്തിയിരുന്നു. രൂക്ഷമായ കടലാക്രമണം നേരിടുന്ന കൊവ്വൽ, കൊപ്പൽ ഭാഗത്ത് 115 മീറ്റർ ജിയോബാഗ് സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനുള്ള ടെൻഡർ നടപടി പുരോഗമിക്കുന്നതായാണ് ഇപ്പോൾ അധികൃതർ പറയുന്നത്. അൻപത് ലക്ഷം രൂപയാണ് ഇതിന് ചിലവ് കണക്കാക്കുന്നത്. രൂക്ഷമായ കടലാക്രമണ ഭീഷണിയുള്ള പ്രദേശത്ത് ഒരാഴ്ച മുമ്പ് അധികൃതർ സന്ദർശനം നടത്തിയിരുന്നു. മഴ വന്നതിനാൽ ജിയോബാഗ് ഇപ്പോൾ ഇടാൻ കഴിയില്ലെന്നും ആറുമാസം കഴിഞ്ഞാൽ ഇത് പൂർത്തിയാക്കുമെന്നുമായിരുന്നു ഈ ഉദ്യോഗസ്ഥസംഘം ജനങ്ങളോട് വിശദീകരിച്ചത്.
ജിയോബാഗ് നടപ്പില്ലെന്ന് നേരത്തെ തെളിഞ്ഞു
ജിയോ ബാഗ് ഉപയോഗിച്ച് 348 മീറ്റർ നീളത്തിൽ 148 ലക്ഷം രൂപയുടെയും നൂറു നീളത്തിൽ മീറ്റർ 20 ലക്ഷം രൂപയുടെയും എസ്റ്റിമേറ്റാണ് മേജർ ഇറിഗേഷൻ വകുപ്പ് ജില്ലാ കളക്ടർക്ക് സമർപ്പിച്ചിട്ടുള്ളത്.അതെ സമയം ഇതെ ഭാഗത്ത് മൂന്ന് വർഷം മുമ്പ് നിർമ്മിച്ച 300 മീറ്റർ ജിയോബാഗ് കടൽഭിത്തിയിൽ 200 മീറ്ററും കടലെടുത്തിരുന്നു. 860 മീറ്റർ നീളത്തിൽ ജന്മ-കണ്ണി ഭാഗത്ത് കരിങ്കൽ കടൽഭിത്തിയിൽ 500 മീറ്ററും ഇതെ രീതിയിൽ തകർന്നു. രണ്ടു കിലോമീറ്റർ ദൂരത്തിൽ ടെട്രാപോഡ് കടൽഭിത്തിക്ക് 50 കോടിയും ജിയോബാഗ് താത്ക്കാലികഭിത്തി നിർമ്മിക്കാൻ എട്ട് കോടിയും വേണ്ടിവരുമെന്നാണ് കണക്ക്. ജിയോബാഗ് കടൽഭിത്തി പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാണിച്ച് കഴിഞ്ഞ വർഷം ആയിരത്തിലധികം തീരവാസികൾ ഒപ്പിട്ട നിവേദനം മന്ത്രിക്ക് നൽകിയിരുന്നു.
ജിയോ സിന്തറ്റിക് ബാഗ് ഭിത്തി
കടലാക്രമണത്തെ പ്രതിരോധിക്കാൻ പോളി പ്രൊപ്പിലീൻ ബാഗുകൾ കടൽതീരത്ത് മണ്ണു നിറച്ച് തീരത്തു നിരത്തുന്ന രീതി.ഒരു മീറ്ററിൽ ജിയോബാഗ് ഉപയോഗിച്ചുള്ള നിർമ്മാണത്തിന് 13,000 രൂപ ചെലവുവരുമെന്നാണ് കേരളാ ഇറിഗേഷൻ വകുപ്പിന്റെ കണക്ക്.
രാത്രി കിടന്നുറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ്. കഴിഞ്ഞ പെരുമഴക്കാലത്ത് തീരദേശ ജനത സമരത്തിന് ഇറങ്ങിയിരുന്നു. ഇപ്പോൾ വീണ്ടും കടൽ വീടിന് അടുത്തേക്ക് എത്തിത്തുടങ്ങി. ഒരു വർഷം കാത്തിരുന്നിട്ടും പരിഹാരമുണ്ടാക്കാൻ കഴിയാത്തത് സങ്കടകരമാണ്. ഇനി കടൽഭിത്തി വരുമ്പോഴേക്ക് ഞങ്ങളൊന്നും ഇവിടെ ഉണ്ടാകുമെന്ന് ഒരു ഉറപ്പും ഇല്ല-മാലതി ( കൊവ്വൽ ബീച്ച് കടപ്പുറം )