ദുരന്തമൊഴിയാതെ നടുവിലേപ്പറമ്പ് വീട്
Tuesday 27 May 2025 1:32 AM IST
ആലപ്പുഴ: ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ച് ഒരാഴ്ച തികഞ്ഞ ദിവസം വീടിന്റെ ഇരുമ്പുമേൽക്കൂര ശക്തമായ കാറ്റിലും മഴയിലും തകർന്ന് വീണു. ആർക്കും പരിക്കില്ല. ആലപ്പുഴ നഗരസഭ ആശ്രമം വാർഡിൽ നടുവിലേപ്പറമ്പിൽ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. കഴിഞ്ഞ തിങ്കളാഴ്ച ദേശീയപാതയിൽ കരുവാറ്റയിൽ കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് സരസ്വതിയമ്മ മരിച്ചത്. അപകടത്തിൽ പരുക്കേറ്റ മകൾ ശ്രീകല, മരുമകൻ രാജഗോപാൽ, കൊച്ചുമകൻ അഭിനന്ദ് എന്നിവർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയോടെ ശക്തമായ കാറ്റിൽ മേൽക്കൂര തകർന്നു വീണപ്പോൾ സ്വരസ്വതിയമ്മയുടെ മകൾ ശ്രീദേവി, മകൻ അനിൽകുമാറിന്റെ ഭാര്യ പാർവതി, മക്കളായ അഭിനന്ദ, അഭികൃഷ്ണ, അഭിശങ്കർ, ബന്ധു രാജൻ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.