ദളിത് യുവതിക്ക് പീഡനം: മൊഴിയെടുക്കാൻ അഭിഭാഷകയെ തേടി അന്വേഷണസംഘം

Tuesday 27 May 2025 12:52 AM IST

തിരുവനന്തപുരം: മാലമോഷണക്കുറ്റം ആരോപിച്ച് നി​ര​പ​രാ​ധി​യാ​യ​ ​ദ​ളി​ത് ​യു​വ​തി​ ആർ.ബിന്ദുവിനെ (39) പേരൂർക്കട സ്റ്റേഷനിൽ 21 മണിക്കൂർ കസ്റ്റഡിയിൽ പീഡിപ്പിച്ചതിൽ പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.എ. വിദ്യാധരന് അന്വേഷണം തുടങ്ങാനായില്ല. ലീഗൽ സർവീസ് അതോറിട്ടി നിശ്ചയിക്കുന്ന അഭിഭാഷകയുടെ സാന്നിദ്ധ്യത്തിലേ ബിന്ദുവിന്റെ മൊഴിയെടുക്കാവൂ എന്നാണ് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്. അഭിഭാഷകയുടെ സേവനം വിട്ടുനൽകണമെന്ന് ഡിവൈ.എസ്.പി, ലീഗൽ സർവീസ് അതോറിട്ടിക്ക് കത്ത് നൽകി. പേരൂർക്കട സ്റ്റേഷനിൽ നിന്ന് ഫയലുകളും രേഖകളും ബിന്ദുവിനെതിരായ പരാതികളും ഡിവൈ.എസ്.പി ശേഖരിക്കും. സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കും. ജൂലായ് 7നകം അന്വേഷണ റിപ്പോർട്ട് നൽകാനാണ് ദക്ഷിണമേഖലാ ഐ.ജി എസ്. ശ്യാംസുന്ദറിന്റെ നിർദ്ദേശം. ബിന്ദുവിനെതിരെ വ്യാജ മോഷണ പരാതിയുണ്ടാവാനുള്ള സാഹചര്യം, സ്റ്റേഷനിൽ നേരിട്ട പീഡനങ്ങൾ, പൊലീസ് നടപടികളിലെ വീഴ്ചകൾ എന്നിവ അന്വേഷിക്കും.

മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവ് പ്രകാരമാണ് ജില്ലയ്ക്ക് പുറത്തെ ഡിവൈ.എസ്.പിക്ക് അന്വേഷണച്ചുമതല കൈമാറിയത്. കസ്റ്റഡി പീഡനത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ എസ്.ഐ എസ്.ജി.പ്രസാദ്, ഗ്രേഡ് എ.എസ്.ഐ പ്രസന്നകുമാർ എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. ഒരു പൊലീസുകാരൻ കൂടി തന്നെ അസഭ്യം പറയുകയും അടിക്കാൻ കൈയോങ്ങുകയും ചെയ്തതായി ബിന്ദു പറയുന്നുണ്ട്. ഇക്കാര്യവും ഡിവൈ.എസ്.പി അന്വേഷിക്കും.