ദാഹോദിൽ ഇലക്‌ട്രിക് ലോക്കോ ഫാക്‌ടറി തുറന്നു

Tuesday 27 May 2025 12:31 AM IST

ന്യൂഡൽഹി: ഗുജറാത്തിലെ ദാഹോദിൽ ഇന്ത്യൻ റെയിൽവേയുടെ ലോക്കോമോട്ടീവ് നിർമ്മാണ പ്ലാന്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പ്ലാന്റിൽ നിർമ്മിച്ച ആദ്യത്തെ ഇലക്ട്രിക് ലോക്കോമോട്ടീവ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഇവിടെ നിർമ്മിക്കുന്ന 9,000 കുതിരശക്തിയുള്ള ലോക്കോമോട്ടീവുകൾ ആഭ്യന്തര ആവശ്യത്തിന് പുറമേ കയറ്റുമതിയും ലക്ഷ്യമിട്ടാണ്. മൂന്നു വർഷം മുൻപ് പ്രധാനമന്ത്രിയാണ് ഫാക‌്ടറിക്ക് തലക്കല്ലിട്ടത്.

കുറഞ്ഞ വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോക്കോമോട്ടീവുകളാണ് ഇവിടെ നിർമ്മിക്കുക. അവയിലെ റീജനറേറ്റീവ് ബ്രേക്കിംഗ് സംവിധാനം പരിസ്ഥിതി സൗഹൃദപരമായ പ്രവർത്തനത്തിന് സഹായിക്കും. 200 ഓളം സെൻസറുകൾ എൻജിന്റെ പ്രവർത്തനം കൺട്രോൾ റൂമിൽ നിന്ന് നിരീക്ഷിക്കാൻ സഹായിക്കും. എൻജിൻ ലോകത്തെ ആധുനിക രൂപകല്പനയിലാണ് നിർമ്മിക്കുന്നതെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് പറഞ്ഞു. വെരാവൽ-അഹമ്മദാബാദ് വന്ദേ ഭാരത് എക്‌സ്‌പ്രസ്,വൽസാദ്-ദാഹോദ് സ്റ്റേഷനുകൾക്കിടയിലുള്ള എക്സ്പ്രസ് ട്രെയിൻ എന്നിവയുടെ ഫ്ലാഗ് ഓഫും പ്രധാനമന്ത്രി നിർവഹിച്ചു.