കപ്പൽ അപകടം: ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

Tuesday 27 May 2025 1:43 AM IST

തിരുവനന്തപുരം: സമുദ്രാതിർത്തിയിൽ കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും സാദ്ധ്യമായ എല്ലാ നടപടികളും ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തി. തീരപ്രദേശത്ത് ഉള്ളവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം.

മുങ്ങിയ കപ്പലിൽ 643 കണ്ടെയ്നറുകൾ ഉണ്ടായിരുന്നു. ഇവയിൽ 73 എണ്ണം കാലിയാണ്. 13 എണ്ണത്തിൽ അപകടകരമായ വസ്തുക്കളാണ്. കപ്പലിലെ ഇന്ധനവും ചോർന്നിട്ടുണ്ട്.

ആലപ്പുഴ, കൊല്ലം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിൽ ആണ് കണ്ടെയ്നർ എത്താൻ കൂടുതൽ സാദ്ധ്യത. എണ്ണപ്പാട പടരാം എന്നതിനാൽ കേരള തീരത്ത് പൂർണ്ണമായും ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്.

എണ്ണപ്പാട: റാപ്പിഡ് ടീമുകൾ സജ്ജം

 തീരത്ത് അപൂർവ്വ വസ്തുക്കൾ, കണ്ടെയ്നറുകൾ എന്നിവ കണ്ടാൽ തൊടരുത്, അടുത്ത് പോകരുത്. 112 എന്ന നമ്പരിൽ അറിയിക്കണം

 മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. കപ്പൽ മുങ്ങിയ ഇടത്തു നിന്നും 20 നോട്ടിക്കൽ മൈൽ അകലെ വരെയുള്ള പ്രദേശത്ത് മത്സ്യബന്ധനം പാടില്ല.

 എണ്ണപ്പാട തീരത്ത് എത്തിയാൽ കൈകാര്യം ചെയ്യാൻ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ നേതൃത്വത്തിൽ രണ്ട് വീതം റാപ്പിഡ് റെസ്‌പോൺസ് ടീമുകൾ തൃശ്ശൂർ മുതൽ തെക്കൻ ജില്ലകളിലും ഓരോന്ന് വീതം വടക്കൻ ജില്ലകളിലും സജ്ജം

 ജില്ലാദുരന്ത നിവാരണ അതോറിറ്റിയും പൊലീസും മറ്റു വകുപ്പുകളും സഹായങ്ങൾ ലഭ്യമാക്കും