ജ്യോതിയ്ക്ക് പാകിസ്ഥാനിൽ തോക്ക് ധാരികളുടെ സുരക്ഷയും
ന്യൂഡൽഹി: പാകിസ്ഥാനുവേണ്ടി ചാരവൃത്തി ചെയ്തതിന് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര, ലാഹോറിലെ അനാർക്കലി ബസാറിൽ തോക്ക് ധാരികൾക്കൊപ്പം നടക്കുന്ന ദൃശ്യങ്ങൾ വൈറലാവുന്നു. ജ്യോതി പാകിസ്ഥാനിലെത്തി വീഡിയോ ഷൂട്ട് ചെയ്ത അതേസമയം അവിടെയുണ്ടായിരുന്ന സ്‌കോട്ടിഷ് യൂട്യൂബറായ കാലം മിൽ പകർത്തിയ വീഡിയോയിലാണ് എ.കെ 47 റൈഫിളുകളുമായി ആറുപേർ ജ്യോതിക്ക് ചുറ്റുമുള്ളതായി കാണിക്കുന്നത്. എന്തിനാണ് അവർക്ക് ഇത്തരമൊരു സുരക്ഷയുടെ ആവശ്യമെന്ന് മിൽ ആശ്ചര്യപ്പെടുന്നുണ്ട്. കാലം അബ്രോഡ് എന്ന പേരിൽ യൂട്യൂബ് ചാനലുള്ള കാലം മിൽ,ഇക്കഴിഞ്ഞ മാർച്ചിലാണ് പാകിസ്ഥാനിലെത്തിയത്.
മാർക്കറ്റിലൂടെ നടക്കുന്നതിനിടെ പകർത്തിയ വീഡിയോയിൽ അവിചാരിതമായാണ് ജ്യോതി പെടുന്നത്. 'നോ ഫിയർ' എന്നെഴുതിയ ജാക്കറ്റ് ധരിച്ച ആറുപേരാണ് ജ്യോതിക്ക് സുരക്ഷയൊരുക്കിയിരുന്നത്. ഇരുവരും തമ്മിലുള്ള സംഭാഷണവും വീഡിയോയിലുണ്ട്. ആദ്യമായാണോ പാകിസ്ഥാൻ സന്ദർശിക്കുന്നതെന്നും എപ്പോഴെങ്കിലും ഇന്ത്യ സന്ദർശിച്ചിട്ടുണ്ടോ എന്നും ജ്യോതി മില്ലിനോട് ചോദിക്കുന്നുണ്ട്. പാകിസ്ഥാന്റെ ആതിഥേയത്വം മനോഹരമാണെന്നും ജ്യോതി പറയുന്നു. ജ്യോതി നടന്ന് അകന്നതിനു പിന്നാലെയാണ് എന്തിന് അവർക്ക് പ്രത്യേക സുരക്ഷ നൽന്നുവെന്ന ചോദ്യം മിൽ ഉയർത്തുന്നത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജ്യോതിക്ക് പാകിസ്ഥാനിൽ ലഭിച്ചിരുന്ന സ്വീകരണം വീണ്ടും ചർച്ചയാകുകയാണ്.
ജുഡിഷ്യൽ കസ്റ്റഡിയിൽ
ചാരവൃത്തി ആരോപിച്ചുള്ള കേസിൽ പൊലീസ് റിമാൻഡ് അവസാനിച്ചതിനെത്തുടർന്ന് ജ്യോതി മൽഹോത്രയെ ഇന്നലെ ഹരിയാന ഹിസാറിലെ പ്രാദേശിക കോടതി 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൂടുതൽ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും തുടർന്ന് കോടതി അവരെ ജയിലിലേക്ക് അയച്ചതായും പൊലീസ് വക്താവ് പറഞ്ഞു.
അതേസമയം, മൽഹോത്രയുടെ മൂന്ന് മൊബൈൽ ഫോണുകളിൽ നിന്നും ഒരു ലാപ്‌ടോപ്പിൽ നിന്നും ഫോറൻസിക് പരിശോധനയ്ക്ക് അയച്ച ഡാറ്റ കണ്ടെടുത്തതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. "ഏകദേശം 10-12 ടെറാബൈറ്റ് ഡാറ്റ കണ്ടെടുത്തു. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്," അവർ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച അഞ്ച് ദിവസത്തെ കസ്റ്റഡി അവസാനിച്ചതിനെത്തുടർന്ന്, ജ്യോതിയുടെ റിമാൻഡ് കാലാവധി നാല് ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു.