കപ്പൽ അപകടവും ജനങ്ങളുടെ ഭീതിയും

Tuesday 27 May 2025 2:49 AM IST

കൊച്ചിയുടെ പുറംകടലിൽ മുങ്ങിയ ചരക്ക് കപ്പൽ കേരളത്തിന്റെ തീരപ്രദേശത്ത് പരക്കെ ഭീതിക്ക് ഇടയാക്കിയിരിക്കുകയാണ്. ലൈബീരിയൻ പതാകയുള്ള എം.എസ്.സി എൽസ - 3 കപ്പലിൽ നിന്ന് വീണ കണ്ടെയ്‌നറുകൾ കൊല്ലത്തും ആലപ്പുഴയിലുമൊക്കെയായി തീരങ്ങളിൽ അടിഞ്ഞുകൊണ്ടിരിക്കുകയാണ്. കപ്പലിൽ മൊത്തം 643 കണ്ടെയ്‌നറുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 13 എണ്ണം രാസവസ്തുക്കൾ അടങ്ങിയതാണെന്നാണ് പറയുന്നത്. ഇതിൽ 12 എണ്ണത്തിൽ കാൽസ്യം കാർബൈഡ് ആണെന്ന് പറയുമ്പോഴും മറ്റൊന്നിൽ ഏതുതരം രാസവസ്‌തുവാണെന്ന് ആർക്കും ഒരു പിടിയുമില്ല. ഇത് ആശങ്ക കൂടാൻ ഇടയാക്കുന്നു. കടലിൽ വിഷം കലർന്നാൽ അത് തങ്ങളുടെ ജീവിതം തന്നെ കുറച്ചുനാളത്തേക്കെങ്കിലും വഴിമുട്ടിക്കുമെന്നാണ് മത്സ്യത്തൊഴിലാളികൾ ഭയക്കുന്നത്.

രാസവസ്തുക്കൾ, സ്ഫോടക വസ്തുക്കൾ, റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ തുടങ്ങി മനുഷ്യജീവനും പരിസ്ഥിതിക്കും വലിയ ഭീഷണിയാകാവുന്ന പലതരം വസ്തുക്കൾ കപ്പലുകൾ കടത്താറുണ്ട്. ലൈബീരിയ എന്നൊരു രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള കപ്പലായതിനാൽ ഇവർ കണ്ടെയ്‌നറുകളിൽ നിറച്ചിരിക്കുന്ന വസ്തുക്കളെ സംബന്ധിച്ച് പുറത്തുവിടുന്ന വിവരം പൂർണമായും ശരിയായിരിക്കണമെന്നും നിർബന്ധമില്ല. കൈക്കൂലിയും അഴിമതിയും ഭരിക്കുന്ന അവികസിത രാജ്യങ്ങളുടെ തുറമുഖങ്ങളിൽ ഏതു തിരിമറിയും നടക്കാം. അതിനാൽ കൃത്യമായ പരിശോധനയ്ക്കുശേഷമേ പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ ശരിയാണോ എന്ന് സ്ഥിരീകരിക്കാനാവൂ. ഈ കണ്ടയ്‌നറുകളിൽ നിന്ന് വാതകങ്ങളോ രാസവസ്തുക്കളോ ചോരുന്നത് അന്തരീക്ഷത്തിലും കടലിലും വിഷാംശം വ്യാപിപ്പിച്ചാൽ തീരക്കടലിന്റെയും തീരത്തിന്റെയും ആവാസ വ്യവസ്ഥയെ തന്നെ തകർക്കാനിടയാക്കാം.

തീരത്തുള്ളവർക്ക് രാസവസ്തുക്കളുമായി നേരിട്ട് സമ്പർക്കപ്പെടേണ്ടിവന്നാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം. അതിനാൽ അധികൃതർ, പ്രകൃതിക്കും മനുഷ്യനും ഈ അപകടം മൂലം യാതൊരു ഹാനിയും ഉണ്ടാകാതിരിക്കാൻ വേണ്ട എല്ലാ നടപടികളും സ്വീകരിക്കേണ്ടതാണ്. സമാന അപകടം ഉണ്ടായിട്ടുള്ള സ്ഥലങ്ങളിൽ സ്വീകരിച്ചിട്ടുള്ള നടപടികൾക്ക് നേതൃത്വം നൽകിയിട്ടുള്ളവരുടെ സഹായവും തേടാവുന്നതാണ്. അതുപോലെ തന്നെ,​ കടലിൽ ഒഴുകിനടക്കുന്ന കണ്ടെയ്‌നറുകൾ തീരത്തടിയുന്നതിനു മുമ്പ് മറ്റ് ജലയാനങ്ങളിൽ ഇടിച്ച് അപകടമുണ്ടാകാനുള്ള സാദ്ധ്യതയും തള്ളാനാകില്ല. ഇക്കാര്യത്തിൽ നാവിക സേനയും കോസ്റ്റ് ഗാർഡും മുന്നറിയിപ്പുകൾ നൽകേണ്ടതാണ്.

മാത്രമല്ല,​ കണ്ടെയ്‌നറുകൾ തീരത്തടിഞ്ഞാൽ അതിന്റെ സമീപത്തേക്ക് ഓടിയടുക്കാതിരിക്കാൻ നാട്ടുകാരും ജാഗ്രത പുലർത്തേണ്ടതാണ്. കേരള തീരത്ത് കൊല്ലത്തും ആലപ്പുഴയിലും കണ്ടെയ്‌നറുകൾ അടിഞ്ഞിട്ടുണ്ട്. ഇവിടങ്ങളിൽ അധികൃതർ വേണ്ടത്ര ജാഗ്രതയോടെയും ശ്രദ്ധയോടെയുമാണ് ഇപ്പോൾ നടപടികൾ സ്വീകരിക്കുന്നത്. എന്തായാലും മുങ്ങിയ കപ്പലിൽ നിന്ന് ക്യാപ്റ്റൻ ഉൾപ്പെടെ 24 ജീവനക്കാരെയും രക്ഷിക്കാൻ നാവിക, കോസ്റ്റ് ഗാർഡ് സേനകൾക്കു കഴിഞ്ഞത് വലിയൊരു നേട്ടമാണ്. കപ്പൽ ഉയർത്തിയെടുക്കാനാവുമോ എന്ന് ഈ ഘട്ടത്തിൽ പറയുക അസാദ്ധ്യമാണ്. പക്ഷേ, കണ്ടെയ്‌നറുകൾ പരമാവധി വീണ്ടെടുക്കപ്പെട്ടാലേ ജനങ്ങളുടെ ഉത്കണ്ഠയ്ക്ക് ശമനമാകൂ.