പുട്ടിൻ ഭ്രാന്തൻ: ട്രംപ്
വാഷിംഗ്ടൺ: യുക്രെയിനിൽ വ്യോമാക്രമണങ്ങൾ തുടരുന്നതിനിടെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ 'ഭ്രാന്തൻ " എന്ന് വിശേഷിപ്പിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 'പുട്ടിനുമായി തനിക്ക് എന്നും വളരെ നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. പക്ഷേ, അയാൾക്ക് ഇപ്പോൾ എന്തോ സംഭവിച്ചിട്ടുണ്ട്. അയാൾ ശരിക്കും ഭ്രാന്തനായിപ്പോയി. അനാവശ്യമായി നിരവധി ആളുകളെ കൊല്ലുന്നു.
രു കാരണവുമില്ലാതെയാണ് യുക്രെയിനിലെ നഗരങ്ങളിലേക്ക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കുന്നത്. അയാൾക്ക് യുക്രെയിൻ മുഴുവനായി വേണമെന്ന് താൻ എപ്പോഴും പറയുന്നതാണ്. അത് ശരിയാണെന്ന് തെളിയിക്കപ്പെടാം. എന്നാൽ അയാൾ അങ്ങനെ ചെയ്താൻ റഷ്യയുടെ പതനത്തിലേക്ക് കലാശിക്കും " ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
അതേ സമയം, യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയേയും ട്രംപ് വിമർശിച്ചു. സെലെൻസ്കിയുടെ വായിൽ നിന്ന് വരുന്നതെല്ലാം പ്രശ്നമാണെന്നും തനിക്ക് അത് ഇഷ്ടമല്ലെന്നും അത് നിറുത്തുന്നതാണ് നല്ലതെന്നും ട്രംപ് പറഞ്ഞു. താൻ പ്രസിഡന്റായിരുന്നെങ്കിൽ യുക്രെയിൻ യുദ്ധം തുടങ്ങില്ലായിരുന്നു (യുദ്ധം തുടങ്ങുമ്പോൾ ജോ ബൈഡനായിരുന്നു യു.എസ് പ്രസിഡന്റ്) എന്നും ട്രംപ് കൂട്ടിച്ചേർത്തു.
റഷ്യക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ചുമത്തുന്നതും ട്രംപ് ആലോചിക്കുന്നുണ്ട്. യുദ്ധം അവസാനിപ്പിക്കാൻ യു.എസ് മദ്ധ്യസ്ഥത തുടരുന്നുണ്ടെങ്കിലും ആക്രമണങ്ങൾ ശക്തിപ്രാപിക്കുന്നത് തിരിച്ചടിയാണ്.