ഭാര്യയുമായി കലഹമോ തമാശയോ ? മാക്രോണിന്റെ വീഡിയോ വൈറൽ

Tuesday 27 May 2025 7:12 AM IST

പാരീസ്: വിയറ്റ്നാമിലെ ഹാനോയ് വിമാനത്താവളത്തിലെത്തിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെയും ഭാര്യ ബ്രിജിറ്റ് മാക്രോണിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഞായറാഴ്ച വൈകിട്ട് ഹാനോയ്‌യിൽ മാക്രോണിന്റെ വിമാനം ഇറങ്ങുന്നതും കാത്തിരിക്കുകയായിരുന്നു നയതന്ത്ര ഉദ്യോഗസ്ഥരും മാദ്ധ്യമ പ്രവർത്തകരും.

എന്നാൽ വിമാനത്തിന്റെ വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച ബ്രിജിറ്റ് ഇമ്മാനുവൽ മാക്രോണിന്റെ മുഖം ശക്തിയായി തള്ളി മാറ്റുന്നതാണ്. ബ്രിജിറ്റിന്റെ കൈകൾ മാത്രമാണ് കാണാനായത്. എന്നാൽ തള്ളുകൊണ്ട് മുഖം തിരിച്ച മാക്രോൺ നേരെ നോക്കിയത് ക്യാമറകളിലേക്കാണ്. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും മാക്രോൺ വേഗം ചിരിച്ച് കൈവീശിക്കാട്ടി.

സെക്കൻഡുകൾക്കുള്ളിൽ ഇരുവരും വിമാനത്തിൽ നിന്ന് ഇറങ്ങുകയും ചെയ്തു. ഇതോടെ മാക്രോണിനെ ബ്രിജിറ്റ് മുഖത്തടിച്ചതാണോ, ഇരുവരും കലഹിച്ചോ തുടങ്ങിയ ചർച്ചകൾ വ്യാപകമായി. വീഡിയോ ചർച്ചയായതോടെ മാക്രോൺ തന്നെ വിശദീകരണവുമായി രംഗത്തെത്തി. താനും ഭാര്യയുമായി കലഹിച്ചതല്ലെന്നും തങ്ങൾ തമാശ പറയുകയായിരുന്നു എന്നും മാക്രോൺ വ്യക്തമാക്കി.