അട്ടപ്പാടിയിൽ യുവാവിനെ കെട്ടിയിട്ട് മർദിച്ചു; ശരീരമാസകലം പരിക്ക്

Tuesday 27 May 2025 5:54 PM IST

പാലക്കാട്: ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി. അഗളി ചിറ്റൂർ സ്വദേശി ഷിബുവിനാണ് (19) മർദ്ദനമേറ്റത്. വാഹനത്തിനു മുന്നിൽ വന്നുവീണു എന്ന പേരിലാണ് ഒരു സംഘം ആളുകൾ യുവാവിനെ വിവസ്ത്രനാക്കി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചത്.

മേയ് 24നായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. യുവാവിന്റെ ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സ തേടിയ ഷിബു ആക്രമിച്ചവർക്കെതിരെ പരാതി നൽകി.

മദ്യപിച്ച് വാഹനം തകർത്തെന്ന് ആരോപിച്ചാണ് ഷിബുവിനെ ഒരു സംഘം മർദിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഷോളയൂർ സ്വദേശി ജോയിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. ജോയിയുടെ പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ യുവാവിന്റെ പരാതിയിൽ കേസെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.