സഹകരണം പഠിപ്പിക്കണോ?
സഹകരണം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് കേന്ദ്രം. അത് ഒഴിവാക്കുമെന്ന് കേരളം! കേന്ദ്രത്തിനെ കണക്കിന് വിമർശിച്ചോളൂ എന്ന് ഉന്നത വിദ്യാഭ്യാസ ചട്ട ഭേദഗതിയിൽ കേന്ദ്രം. കേരളത്തെക്കുറിച്ച് മറുത്തൊന്നും മിണ്ടിപ്പോയാൽ മൂക്കുചെത്തുമെന്നും നിയമ ഭേദഗതി! ഇങ്ങനെ, വേണ്ടപ്പോൾ തോളിൽ കൈയിട്ടും കാര്യം കഴിഞ്ഞാൽ കൊതിക്കെറുവു കാട്ടിയും കേന്ദ്ര - സംസ്ഥാന സഹകരണം കൊഴുക്കുകയാണ്. മിണ്ടിയാൽ അകത്തു പോകാനിടയുള്ളതുകൊണ്ട് ഇന്ത്യ - പാകിസ്ഥാൻ യുദ്ധത്തെക്കുറിച്ചു മാത്രം മൗനം!
നാട്ടിൻപുറം നന്മകളാൽ സമൃദ്ധമെന്ന് കവി പാടിയിരുന്ന കാലത്ത് കേരളീയ ഗ്രാമങ്ങളിൽ സ്വച്ഛമായൊരു സഹവർത്തിത്വം കളിയാടിയിരുന്നു. ജാതി - മത ഭേദമില്ലാതെ, രാഷ്ട്രീയ വേർതിരിവുകളില്ലാതെ ഒരു സഹകരണാന്തരീക്ഷം നിലനിന്നിരുന്നു. അമ്പലത്തിലെ ഉത്സവവും പള്ളിപ്പെരുന്നാളും മതഭേദമില്ലാതെ ആഘോഷിച്ചിരുന്നു. ജനനമരണങ്ങൾ എന്നപോലെ കല്യാണങ്ങളും വീട്ടിൽത്തന്നെയായിരുന്നു. ഇന്നത് ആശുപത്രിയിലേക്കും കൺവെൻഷൻ സെന്ററുകളിലേക്കും കുടിയേറിക്കഴിഞ്ഞിട്ടുണ്ടല്ലോ!
നാട്ടുമ്പുറത്തെ വീട്ടുവിശേഷങ്ങൾ അയൽക്കാരും നാട്ടുകാരും ഒത്തുചേർന്നാണ് നടത്തിപ്പോന്നിരുന്നത്. പ്രത്യേകിച്ച് വിവാഹ, മരണ ആവശ്യങ്ങൾ. സദ്യയ്ക്ക് ഇലവെട്ടാൻ വാഴയുള്ള ഏതു പറമ്പിലും കയറിച്ചെല്ലാം. പ്രത്യേകിച്ചൊരു അനുവാദം ആവശ്യമില്ല. പന്തലിടാൻ അയൽവീടുകളിലെ ചില്ലറ കേടുപാടുകളുള്ള കമുക് തേടിപ്പോകും. പന്തൽ അലങ്കാരം കുരുത്തോലകൊണ്ട്. നാട്ടിലെ കരകൗശല വിദഗ്ദ്ധരാണ് പന്തലും കല്യാണമണ്ഡപവും ഒരുക്കുന്നത്. സദ്യയ്ക്കുള്ള കറിക്കരിയൽ, തേങ്ങ ചിരകൽ, ദേഹണ്ഡം തുടങ്ങിയവ കുട്ടികളും യുവാക്കളും സ്‌ത്രീകളുമെല്ലാം ചേർന്നാണ് നടത്തുക.
തലേന്നു വൈകിട്ടേ പ്രവർത്തിച്ചു തുടങ്ങുന്ന ഗ്രാമഫോൺ റെക്കാഡ് പാട്ടുകളും ലൗഡ് സ്പീക്കറും പെട്രോമാക്‌സുമൊക്കെയാണ് വരത്തന്മാർ. അതിഥികൾക്കുള്ള പരിമിതമായ കസേരകൾ പ്രായമായവർക്ക് മാത്രമായി സംവരണം ചെയ്തിരിക്കും. അവ പലപ്പോഴും അയൽവീടുകളിൽ നിന്ന് സമാഹരിക്കുന്ന പല തരമായിരിക്കും. കസേരയുടെ ആവിർഭാവത്തിനും പ്രചാരത്തിനും മുമ്പ് പായാണ് അതിഥികൾക്കായി കരുതുക. വി.ഐ.പിമാർക്ക് മെത്തപ്പായയെന്ന കൂടിയ ഇനം. സാധാരണക്കാർക്ക് തഴപ്പായ.
മരണവീട്ടിലും എല്ലാക്കാര്യങ്ങളും അയൽക്കാരും നാട്ടുകാരും സഹകരിച്ചാണ് നിർവഹിക്കുക. ചിലർ മാവു വെട്ടുന്നു. വിറകൊരുക്കുന്നു. ചകിരിയും ചിരട്ടയും സമാഹരിക്കുന്നു. താത്കാലിക പന്തൽ ഒരുക്കുന്നു. എത്ര ദൂരെ നിന്നുള്ള അടുത്ത ബന്ധുക്കൾക്കോ മക്കൾക്കോ പോലും മൃതദേഹം കാത്തുവയ്ക്കാറില്ല. നിശ്ചിത സമയം കഴിഞ്ഞാൽ ചടങ്ങുകൾ പൂർത്തിയാക്കി ചിതയിലേക്കെടുക്കും. പൂക്കളും പുഷ്പചക്രവുമൊക്കെ പിന്നീട് വന്നതാണ്. ഇപ്രകാരം ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും നിലനിന്നിരുന്ന പരസ്പരാശ്രിതത്വത്തെ, സഹകരണ കാലാവസ്ഥയെ മുതലെടുത്തുകൊണ്ടാണ് സഹകരണ സംഘങ്ങൾ ആവിർഭവിക്കുന്നത്.
സഹകരണ പ്രസ്ഥാനം കേരളീയ സാമൂഹ്യ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം ചെറുതല്ല. സമസ്ത മേഖലകളിലും അത് തഴച്ചു കൊഴുത്തു. എന്നാൽ എന്തിനെയും വെടക്കാക്കി തനിക്കാക്കുന്ന കക്ഷിരാഷ്ട്രീയ സങ്കുചിതത്വം സഹകരണ മേഖലയേയും വെട്ടിപ്പിടിച്ചു. പ്രാഥമിക സഹകരണ സംഘം മുതൽ സംസ്ഥാന തലം വരെ രാഷ്ട്രീയം പിടിമുറുക്കി. സംഘടിതമായ തട്ടിപ്പുകേന്ദ്രങ്ങളായിപ്പോലും അവയിൽ ചിലത് കുപ്രസിദ്ധി നേടി. സഹകരണ സംഘത്തെ വെട്ടിപ്പിടിച്ച് മലിനമാക്കുന്നതിന് ഉത്തമോദാഹരണമാണ് എസ്.പി.സി.സി (സാഹിത്യ പ്രവർത്തക സഹകരണ സംഘം). എഴുത്തുകാർക്ക് സ്വന്തം തറവാടുപോലെ ആശ്രയവും തണലുമായിരുന്ന ആ പ്രസ്ഥാനം, മുപ്പത് ശതമാനം വരെ റോയൽടി നൽകിയിരുന്ന ഒരു സുവർണ കാലമുണ്ടായിരുന്നു!
എം.പി പോളും, കാരൂരും, ഡി.സിയും തുടക്കമിട്ട എസ്.പി.സി.എസ് ഗോപി കൊടുങ്ങല്ലൂരിന്റെ സെക്രട്ടറിക്കാലം വരെ നല്ല നിലയിൽ, ഒന്നാം നിരയിൽ പ്രവർത്തിച്ച് ഖ്യാതി വളർത്തി. കാലം പോകെ, മൂന്നാംകിട ചവറുകൾ മാത്രം പ്രസിദ്ധീകരിക്കുന്ന, പ്രതിഫലം കൊടുക്കാത്ത ഒന്നായി അത് ജനകീയവൽക്കരിക്കപ്പെട്ടു! രാഷ്ട്രീയ പ്രവർത്തകരുടെ തൊഴിലുറപ്പ് ഇടങ്ങളായി സഹകരണ സ്ഥാപനങ്ങൾ മാറിയതോടെ നിയമനം, ലോൺ, ഫണ്ട് ദുർവിനിയോഗം എന്നിവ സ്വന്തക്കാർക്കു മാത്രമായി. അതോടെ സാധാരണക്കാർക്ക് അത് നിസഹകരണ പ്രസ്ഥാനമായി പരിണമിച്ചു. ഈ ഇടുക്കുതൊഴുത്ത് സഹകരണ പാഠങ്ങളോ വരും തലമുറയെ പഠിപ്പിക്കാൻ പോകുന്നതെന്ന് അറിയില്ല.