കാട്ടുമൃഗങ്ങളെക്കാൾ ക്രൂരം കേസുകളുടെ കുരുക്ക്
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കേണ്ട വനംവകുപ്പ്, വനാതിർത്തിയിൽ താമസിക്കുന്നവരെ തങ്ങളുടെ അധികാരം ഉപയോഗിച്ച് കേസുകളിൽ കുരുക്കാനാണ് കൂടുതൽ ആവേശം കാട്ടുന്നതെന്നാണ് പൊതുവെയുള്ള ആക്ഷേപം. കുറഞ്ഞത് ഒരു കേസെങ്കിലുമില്ലാത്ത കുടുംബം വനാതിർത്തികളിൽ ഉണ്ടാകില്ല! അനധികൃതമായി കാട്ടിൽ പ്രവേശിച്ചു, കന്നുകാലികളെ കാട്ടിൽ മേയാൻ വിട്ടു, ചുള്ളിയോ മരക്കൊമ്പോ വെട്ടിയെടുത്തു എന്നു തുടങ്ങി, വനത്തിൽ സ്ഥാപിച്ചിരുന്ന സുരക്ഷാ സംവിധാനങ്ങൾ നശിപ്പിച്ചു, വേലി പൊളിച്ചു, ക്യാമറ തകർത്തു എന്നുവരെ സാധാരണക്കാരെ കുരുക്കാൻ വകുപ്പുകൾ വേണ്ടത്രയുണ്ട്. ഇത്തരം കേസുകളിൽ പലതും വനപാലകർ തന്നെ കെട്ടിച്ചമയ്ക്കുന്നതാണെന്നാണ് നാട്ടുകാർ പറയുന്നത്. കേസിൽ കുരുങ്ങിയും കോടതി കയറിയും പാവങ്ങൾ ഒരുവഴിക്കാകും!
ഇത്തരമൊരു കുരുക്കിന്റെ ദുരന്തമാണ് മണിയാർ പടിഞ്ഞാറെ ചെരുവിൽ പി.പി. മത്തായിയുടെ മരണത്തിൽ കലാശിച്ചത്. 2020 ജൂലൈ 28-നായിരുന്നു സംഭവം. ചിറ്റാർ ഫോറസ്റ്ര് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലായ മത്തായിയുടെ മൃതദേഹം കുടപ്പനയിലുള്ള അദ്ദേഹത്തിന്റെ ഫാമിനോട് ചേർന്നുള്ള കിണറ്റിൽ നിന്നാണ് കണ്ടെത്തിയത്. വനത്തിൽ സ്ഥാപിച്ചിരുന്ന ക്യാമറയുടെ മെമ്മറി കാർഡ് നശിപ്പിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത മത്തായി, കിണറ്റിൽ ചാടിയതാണെന്ന് വനപാലകരും കൊലപ്പെടുത്തിയതാണെന്ന് കുടുംബവും വാദിക്കുന്നു.
വലിയ കോളിളക്കമുണ്ടാക്കിയ സംഭവത്തിൽ റേഞ്ച് ഓഫീസർ അടക്കമുള്ളവരെ സസ്പെൻഡ് ചെയ്തതിനു ശേഷമാണ് 45 ദിവസം മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം സംസ്കരിച്ചത്. പിന്നീട് ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്ന് സി.ബി.ഐ നടത്തിയ അന്വേഷണത്തിൽ ഏഴ് വനംവകുപ്പ് ഉദ്യോഗസ്ഥർ കുറ്റം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. മത്തായിയെ കസ്റ്റഡിയിലെടുത്തത് അന്യായമായാണെന്നും, നടപടികളിൽ വീഴ്ചയുണ്ടായെന്നും തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറയുന്നു.
എന്നാൽ, മത്തായിയെ കിണറ്റിൽ തള്ളിയിട്ടതാണെന്നും, കേസ് വേണ്ടരീതിയിൽ അന്വേഷിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ഭാര്യ ഷീബ നൽകിയ ഹർജിയിൽ ഹൈക്കോടതി നിർദ്ദേശിച്ച തുടരന്വേഷണം പുരോഗതിയിലാണ്.
പ്രാഥമിക കുറ്റപത്രത്തിന്മേലുള്ള വിചാരണ നടപടികൾ തുടരുകയും ചെയ്യുന്നു. ആറ് മാസത്തോളം സസ്പെൻഷനിൽ കഴിഞ്ഞ ഉദ്യോഗസ്ഥർ മറ്റ് നടപടികളൊന്നും നേരിടാതെ സർവീസിലുണ്ട്. രണ്ട് പെൺകുട്ടികളുമായി ഷീബ കഴിഞ്ഞ അഞ്ചു വർഷമായി നിയമ പോരാട്ടം തുടരുന്നതും വനപാലകർ മുറുക്കിയ കുരുക്കിന്റെ ബാക്കിപത്രം. വനവുമായി ബന്ധപ്പെട്ട കേസുകളിൽ കുടുങ്ങി ഇത്തരത്തിൽ നിയമ പോരാട്ടങ്ങൾ നടത്തുന്നവർ നിരവധിയാണ്.
അടുത്തിടെ കോന്നി പാടം ഫോറസ്റ്റ് സ്റ്റേഷനിലുണ്ടായ സംഭവത്തിലും വനപാലകർക്കെതിരെയാണ് ആക്ഷേപം. പത്തനംതിട്ട കുളത്തുമൺ ഭാഗത്ത് സോളാർ വേലിയിൽ നിന്നുള്ള ഷോക്കേറ്റ് കാട്ടാന ചരിഞ്ഞ സംഭവത്തിൽ പ്രദേശത്ത് കൈതക്കൃഷി നടത്തുന്നയാളുടെ സഹായിയെ വനപാലകർ കസ്റ്റഡിയിലെടുത്തും, കെ.യു. ജനീഷ് കുമാർ എം.എൽ.എ ഫോറസ്റ്റ് സ്റ്റേഷനിലെത്തി പിടിച്ചിറക്കി കൊണ്ടുപോയതും വലിയ വിവാദത്തിനിടയാക്കിയിരുന്നു.
കൈത കൃഷി ചെയ്യുന്ന തോട്ടത്തിൽ സ്ഥാപിച്ച സോളാർ വേലിയിൽ വൈദ്യുതി കടത്തിവിട്ടതു മൂലമാണ് കാട്ടാന ചരിഞ്ഞതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാദം. ഇക്കാര്യത്തിൽ തോട്ടമുടമയ്ക്കും ജീവനക്കാർക്കും പങ്കുണ്ടെന്നതിന് തെളിവുകളുണ്ടെന്നും ഉദ്യോഗസ്ഥർ വാദിക്കുന്നു. എന്നാൽ, സോളാർ വേലിയിൽ വൈദ്യുതി കടത്തിവിടാനുള്ള ഒരു സജ്ജീകരണവും സ്ഥലത്തുണ്ടായിരുന്നില്ലെന്നും, അങ്ങനെ വൈദ്യുതി ഉപയോഗിച്ചിരുന്നെങ്കിൽ സോളാർ ഊർജം സംഭരിക്കുന്ന ബാറ്ററിക്ക് കേടുപാടുണ്ടാകുമായിരുന്നെന്നും കൈത കൃഷിക്കാരും പറയുന്നു. കാട്ടാന ചരിഞ്ഞതിന്റെ പേരിൽ പ്രദേശവാസികളെ കേസിൽ കുടുക്കാനുള്ള നീക്കമാണിതെന്ന് എം.എൽ.എയും ആരോപിക്കുന്നു.
സംഭവത്തിൽ എം.എൽ.എയ്ക്ക് അനുകൂലമായി സി.പി.എമ്മും രംഗത്തെത്തിയിട്ടുണ്ട്. കാട്ടാന ശല്യം രൂക്ഷമായ സ്ഥലത്ത് മതിയായ സുരക്ഷയും പ്രതിരോധവും ഏർപ്പെടുത്താതെ നാട്ടുകാരെ കേസിൽ കുടുക്കാനാണ് വനപാലകർ ശ്രമിക്കുന്നതെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആരോപിക്കുന്നത്. എന്തായാലും കേസെടുത്തതിൽ നിന്ന് പിന്മാറാൻ വനംവകുപ്പ് തയ്യാറായിട്ടില്ല. കേസിൽ കസ്റ്റഡിയിലെടുത്തയാളെ സ്റ്റേഷനിൽ നിന്ന് മോചിപ്പിച്ച സംഭവത്തിൽ എം.എൽ.എ ജനീഷ് കുമാറിനെതിരെയും ഉദ്യോഗസ്ഥർ കേസെടുത്തിട്ടുണ്ട്.
വനത്തിൽ പ്രവേശിക്കുന്നതിനും വനവിഭവങ്ങൾ ശേഖരിക്കുന്നതിനും കടുത്ത ശിക്ഷ ഏർപ്പെടുത്തി 1961-ലെ വനം നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ നീക്കം നടത്തിയെങ്കിലും കടുത്ത എതിർപ്പിനെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. പൊലീസിനെപ്പോലെ, വനസംരക്ഷണത്തിന്റെ പേരിൽ വനപാലകർക്ക് കൂടുതൽ അധികാരം നൽകുന്നതിനായിരുന്നു നീക്കം. വനാതിർത്തിയിൽ കഴിയുന്നവരെ കേസിൽ കുടുക്കുന്ന നടപടി കൂടുതലായി ദുരുപയോഗം ചെയ്യുമെന്നും നിയമം പ്രാബല്യത്തിലായാൽ തങ്ങളുടെ ജീവിതം കൂടുതൽ സങ്കീർണമാകുമെന്നും കർഷകരും സംഘടനകളും ചൂണ്ടിക്കാട്ടി. ഭേദഗതി ബില്ലിനെ എതിർത്ത് ക്രൈസ്തവ സഭകളും മന്ത്രിസഭയിൽ പങ്കാളിയായ കേരളാ കോൺഗ്രസ്- എമ്മും രംഗത്തെത്തിയതോടെ നിയമ ഭേദഗതി ഉപേക്ഷിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പിന്നീട് വ്യക്തമാക്കുകയായിരുന്നു.
വന്യജീവി സംഘർഷം പോലെ തന്നെ രൂക്ഷമായ പ്രശ്നമാണ് സംഘർഷത്തിൽ ഇരകളാകുന്നവർക്ക് നൽകുന്ന നഷ്ടപരിഹാരവും അതിന്മേലുള്ള കുരുക്കുകളും. അതേക്കുറിച്ച് നാളെ.