കുന്നിടിയൽ ഭീഷണിയിൽ ദേശീയപാത
ആറ്റിങ്ങൽ: തോരാമഴയത്ത് ഭീമൻ കുന്നിടിയൽ ഭീഷണിയിൽ ദേശീയപാത. കോരാണി - ചെമ്പകമംഗലം ഭാഗത്താണ് ദേശീയപാത നവീകരണത്തിനായി ഏറ്റെടുത്ത സ്ഥലത്തെ അശാസ്ത്രീയ കുന്നിടിക്കൽ അപകടഭീതി പരത്തുന്നത്. ദേശീയപാത സർവീസ് റോഡിനു സമീപം 50 മീറ്ററിൽ അധികം ഉയരത്തിലാണ് ഇതിനകം കുന്നിടിച്ച് മണ്ണ് നീക്കിയത്. ഇതിനോട് ചേർന്ന് ഓടയുടെ നിർമ്മാണവും നടക്കുന്നുണ്ട്. മഴ തുടരുന്നതിനാൽ ഇവിടെ വെള്ളക്കെട്ടും രൂപപ്പെട്ടു. കുന്നിടിച്ച ഭാഗത്ത് താഴെ നിന്ന് മുകളറ്റം വരെ ഒരേ ലെവലിലാണ് മണ്ണിടിച്ചത്. ഇതും അപകടകരമാണ്. സാധാരണ മണ്ണിടിക്കുമ്പോൾ താഴത്തെ ഭാഗത്ത് നിന്ന് മുകളിലെത്തുമ്പോൾ കുറച്ച് ഉള്ളിൽ കയറ്റിയാണ് ഇടിക്കാറുള്ളത്. ഇവിടെ അത് പാലിച്ചിട്ടില്ല. മഴ തുടരുകയും ദേശീയപാതയിലൂടെ വാഹനങ്ങൾ ചീറിപ്പായുമ്പോഴും മണ്ണിടിച്ചിൽ ഉണ്ടാകാമെന്ന് സാങ്കേതിക വിദഗ്ദ്ധർ പറയുന്നു. സ്ഥലത്തിന്റെ പ്രത്യേകതയും റോഡിലെ വളവും മണ്ണിടിച്ചിൽ സാദ്ധ്യത വർദ്ധിപ്പിക്കുന്നു.
മുന്നറിയിപ്പ് ബോർഡ് വേണം
നവീകരണത്തിന്റെ ഭാഗമായി നാന്നൂറ് മീറ്ററിലധികം ഭാഗത്ത് ഇതിനകം മണ്ണിടിച്ചു കഴിഞ്ഞു. ദേശീയപാത അധികൃതർ ഏറ്റെടുത്ത സ്ഥലത്തിന്റെ ബാക്കി ഭാഗത്ത് മരങ്ങളും തൊട്ടടുത്ത് മതിലും നിർമ്മിച്ചിട്ടുണ്ട്. മണ്ണിടിച്ചിൽ ഉണ്ടായാൽ ദേശീയപാതയിൽ ഗതാഗത തടസം ഉണ്ടാകുമെന്ന് നാട്ടുകാർ പറഞ്ഞു. സ്ഥലത്ത് മണ്ണിടിച്ചിൽ ഭാഗത്ത് അപകട മുന്നറിയിപ്പ് ബോർഡോ, ലൈറ്റുകളോ സ്ഥാപിക്കാൻ ദേശീയപാതാ അധികൃതർ തയാറാകണം.