മമ്മൂട്ടിയുടെ 'വാത്സല്യം" പദ്ധതി , 100 കുട്ടികൾക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ
പതിനാലു വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ പദ്ധതിയുമായി മമ്മൂട്ടി . വാത്സല്യം എന്ന പേരിൽ ആരംഭിച്ച പദ്ധതിയുടെ പ്രഖ്യാപനം മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി നിർവഹിച്ചു. സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ 14 വയസിനു താഴെയുള്ള കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള റോബോട്ടിക് ശസ്ത്രക്രിയകൾക്ക് പുതിയ പദ്ധതി പ്രയോജനപ്പെടും. ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്നാണ് മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ പദ്ധതി നടപ്പാക്കുന്നത്.
കഴിഞ്ഞ മാസം അവസാനം ദിദ ഫാത്തിമ എന്ന ഏഴു വയസുകാരിക്ക് രാജഗിരിയിൽ നടന്ന ഹൃദയശസ്ത്രക്രിയ ഈ പദ്ധതിയിലെ ആദ്യത്തേതായിരുന്നു. ഒരു ആരാധകൻ വഴി നിദയുടെ അവസ്ഥ അറിഞ്ഞ മമ്മൂട്ടി ഇടപെടുകയായിരുന്നു. കുട്ടികളുടെ ആരോഗ്യ പരിരക്ഷയിൽ നിർണായക ചുവടുവയ്പായി പദ്ധതി മാറുമെന്നാണ് പ്രതീക്ഷ എന്നു രാജഗിരി ആശുപത്രി എക്സിക്യുട്ടീവ് ഡയറക്ടറും, സി.ഇ.ഒയുമായ ഫാ. ജോൺസൺ വാഴപ്പിള്ളി സി.എം.ഐ പറഞ്ഞു.
പദ്ധതിയിൽ പങ്കാളികളാവാൻ കെയർ ആന്റ് ഷെയർ ഭാരവാഹികളെ ബന്ധപ്പെടാം.
ഫോൺ : 0484 - 2377369, 9562048414 എന്നീ നമ്പറുകളിൽ വിളിക്കാം.