നിലയ്ക്കാതെ ദുരിതപ്പെയ്ത്ത് കുപ്പത്ത് ദേശീയപാതയിൽ വീണ്ടും മണ്ണിടിഞ്ഞു;ഇലക്ട്രിക് പോസ്റ്റ് അപകടാവസ്ഥയിൽ
കണ്ണൂർ/തളിപ്പറമ്പ്: കടുത്ത മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന കുപ്പത്ത് ദേശീയപാതയിൽ വീണ്ടും മണ്ണിടിഞ്ഞു. ഇതെ തുടർന്ന് ഇവിടെയുള്ള ഇലക്ട്രിക് പോസ്റ്റ് അപകടാവസ്ഥയിലായി. കപ്പണത്തട്ട് എ.ബി.സിയ്ക്ക് സമീപത്ത് ദേശീയ പാതയിൽ നിന്ന് 15 മീറ്റർ ഉയരത്തിലുള്ള കുന്നിന്റെ ഏകദേശം പത്ത് മീറ്ററോളം ഭാഗത്താണ് പാറയും മണ്ണും ഇടിഞ്ഞത്.
പഴയ ദേശീയപാതയുടെ തൊട്ടു മുകളിലാണ് ഈ കുന്ന്. പുതിയ ദേശീയപാതയുടെ സർവ്വീസ് റോഡ് കടന്നുപോകുന്നത് ഇതിന് സമീപത്തത്തെ കുന്നിടിച്ച് ദേശീയപാത നിർമ്മാണത്തിന് വേണ്ടി വൻതോതിൽ മണ്ണെടുത്തിരുന്നു. എന്നാൽ മണ്ണെടുത്ത ഭാഗം കോൺക്രീറ്റ് ചെയ്യാതെ സോയിൽ നെയിൽ ചെയ്യുകയായിരുന്നു. കുപ്പം ദേശീയപാതയിൽ ശനിയാഴ്ച മുതൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം തിരിച്ച് വിട്ടിരുന്നു. ഇടിഞ്ഞ ഭാഗം ചെങ്കൽ ചീളുകൾ ഇട്ട് ഉറപ്പിച്ച് ഗതാഗത യോഗ്യമാക്കാനുള്ള ശ്രമത്തിനിടെയാണ് ഇന്നലെ രാത്രിയിൽ വീണ്ടും മണ്ണി ടിഞ്ഞത്. ഇടിഞ്ഞ ഭാഗത്തുള്ള ഇലക്ട്രിക് പോസ്റ്റ് 35 അടി താഴത്തേയ്ക്ക് പതിക്കാവുന്ന അവസ്ഥയിലാണ് ഉള്ളത്. ഇതിനിടെ ഇന്നലെയും കുന്നിടിഞ്ഞിട്ടുള്ള ഭാഗത്ത് കരിങ്കൽചീളുകൾ ഉപയോഗിച്ച് മണ്ണ് ഇടിയുന്നത് തടയാനുള്ള പ്രവൃത്തി തുടർന്നു. മണ്ണിടിച്ചിൽ തുടരുന്നതിനാൽ ദേശീയപാത വഴി ഗതാഗതം പുനസ്ഥാപിക്കാനാവാത്ത സ്ഥിതിയാണ്.