കുപ്പത്തെ മണ്ണിടിച്ചിൽ പ്രദേശത്ത് സന്ദർശനം നടത്തി ജില്ലാകളക്ടർ; ദുരിതത്തിലായവർക്ക് നഷ്ടപരിഹാരം പരിഗണനയിൽ

Tuesday 27 May 2025 9:53 PM IST

തളിപ്പറമ്പ്: കുപ്പത്തെ പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കുമെന്നും സി.എച്ച് നഗറിൽ ചെളി കയറി നശിച്ച വീടിന് നഷ്ടപരിഹാരം ലഭ്യമാക്കുന്നത് പരിഗണിക്കുമെന്നും കളക്ടർ അരുൺ കെ വിജയൻ.കപ്പണത്തട്ട് ദേശിയ പാതയിലെ മണ്ണിടിഞ്ഞ സ്ഥലംവും ചെളിവെള്ളം കയറി ദുരിതത്തിലായ സി.എച്ച് നഗറിലെ വീടുകളും സന്ദർശിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹo

കുപ്പം കപ്പണത്തട്ടിൽ മണ്ണിടിച്ചൽ തടയുന്നതിനും വെള്ളത്തിന്റെ ഒഴുക്ക് ഗതിമാറ്റിവിടുന്നതിനും നടത്തിയ ശ്രമങ്ങൾ പൂർണ്ണമായി ഫലപ്രാപ്തിയിൽ എത്തിക്കാൻ സാധിക്കാത്തതിന് കാരണം കനത്ത മഴയാണെന്നും അദ്ദേഹം പറഞ്ഞു.കുപ്പത്ത് കഴിഞ്ഞ നാലു ദിവസങ്ങളിലായി പലയിടങ്ങളിൽ മണ്ണിടിച്ചൽ രൂക്ഷമായിരുന്നു. മണ്ണിടിച്ചിൽ കുറക്കാൻ ചെരിവ് കുറച്ച് ബഞ്ച് മാതൃകയിൽ തട്ടുതട്ടായി മണ്ണെടുക്കുകയും നിലവിൽ ഉള്ള ഡ്രൈനേജിലേക്ക് മഴവെള്ളം എത്തുന്ന രീതിയിൽ പുതിയ ഡ്രൈനേജ് ബന്ധിപ്പിച്ച് സി.എച്ച് നഗറിലേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവ് കുറക്കുകയുമാണ് ചെയ്യുന്നത്. മേഘ കൺസ്ട്രക്ഷൻസിന്റെ സാങ്കേതിക വിദഗ്ധൻ ഇന്ന് സ്ഥലം സന്ദർശിച്ച് സ്വീകരിക്കേണ്ട നടപടികൾ തീരുമാനിക്കും. സി.എച്ച് നഗറിൽ വീട്ടുകാരെ മാറ്റിത്താമസിപ്പിക്കേണ്ട സാഹചര്യം ഉണ്ടെങ്കിൽ പഞ്ചായത്തുമായി ചേർന്ന് അതിനുള്ള സാഹചര്യം ഒരുക്കും. കണ്ണൂർ റൂറൽ ജില്ലാ പൊലിസ് മേധാവി അനൂജ് പലിവാൾ, തളിപ്പറമ്പ് ആർ.ഡി.ഒ ടി.വി രഞ്ജിത്ത്, പരിയാരം പഞ്ചായത്ത് പ്രസിഡൻ്റ് ടി. ഷീബ, വില്ലേജ് ഓഫീസർ പി.വി. വിനോദ്,വാർഡ്മെമ്പർമാരായ സൽമത്ത്, പി.വി അബ്ദുൽ ശുക്കൂർ, പി.വി സജീവൻ, തഹസീൽദാർ പി. സജീവൻ,തുടങ്ങിയവരും കളക്ടറോടൊപ്പം ഉണ്ടായിരുന്നു.