സ്കൂൾ പരിസരത്ത് ലഹരി കണ്ടാൽ പണി കിട്ടും

Wednesday 28 May 2025 12:52 AM IST

ആലപ്പുഴ: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂൾ പരിസരത്ത് പരിശോധന കർശനമാക്കി എക്സൈസ്. സ്കൂളുകൾക്ക് സമീപത്തെ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 100 മീറ്റർ ചുറ്റളവിൽ പുകയില ഉത്പന്നങ്ങൾ, ലഹരി വസ്തുക്കൾ എന്നിവ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുകയും തദ്ദേശ സ്ഥാപനങ്ങൾ കടകളുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്യും.

സ്കൂൾ പരിസരം എപ്പോഴും എക്സൈസിന്റെ നിരീക്ഷണത്തിലായിരിക്കും. ഇടവഴികൾ, അടഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾ, ആരുടെയും ശ്രദ്ധ ചെല്ലാത്ത സ്ഥലങ്ങൾ എന്നിവയെല്ലാം മനസിലാക്കി സ്കൂൾ തുറക്കുന്ന ദിവസം മഫ്തിയിലും ബൈക്ക് പട്രോളിംഗ് എന്നിങ്ങനെ പരിശോധന നടത്തും. കുട്ടികൾ സ്കൂളുകളിലെത്തുന്ന സമയത്തും വിട്ടുപോകുന്ന സമയത്തും പരിശോധന ഉണ്ടാവും.

എക്സൈസ് ഇൻസ്‌പെക്ടർമാർ അതത് പരിധികളിലെ സ്കൂളുകൾ സന്ദർശനം ആരംഭിച്ചു. സ്കൂളുകളിലെ ജാഗ്രതാസമിതികൾ ശക്തമാക്കുന്ന പ്രവ‌ർത്തനങ്ങളാണ് നടക്കുന്നത്. പ്രധാന അദ്ധ്യാപകർ, പി.ടി.എ, വാർഡ്കൗൺസിലർ, സമീപത്തെ കടക്കാർ, പൂർവ വിദ്യാർത്ഥികൾ, ഓട്ടോറിക്ഷ ഡ്രൈവർമാർ, പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് സമിതിയുടെ പ്രവ‌ർത്തനം. ഇവരുെട നേതൃത്വത്തിൽ ലഹരിക്കെതിരെ സംയുക്ത പ്രവർത്തനങ്ങൾ നടത്തും.

'പൂർവവിദ്യാർത്ഥികളെ' സൂക്ഷിക്കണം

# സ്കൂളുകളിൽ പുതുതായി അഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥികളെ ലഹരി സംഘങ്ങൾ ഉന്നം വയ്ക്കാറുണ്ട്

# പൂർവ വിദ്യാർത്ഥികളാണെന്ന് പറഞ്ഞാണ് ഇത്തരക്കാർ അടുക്കുന്നത്. ഇക്കാര്യം അദ്ധ്യാപകർ ശ്രദ്ധിക്കണം

# രക്ഷകർത്താക്കളല്ലാത്തവർ കുട്ടികളുമായി സംസാരിക്കുന്നുണ്ടോയെന്ന് സ്കൂൾ അധികൃതർ ശ്രദ്ധിക്കണം. സഹപാഠികൾക്ക് സംശയം തോന്നിയാൽ അദ്ധ്യാപകരെ അറിയിക്കണം

# സ്കൂൾ കുട്ടികളെ സംശയാസ്പദമായ രീതിയിൽ മറ്റ് സ്ഥലങ്ങളിൽ യൂണിഫോമിലോ അല്ലാതെയോ കണ്ടാൽ കാര്യങ്ങൾ തിരക്കാം.സംശയം തോന്നിയാൽ അധികൃതരെ അറിയിക്കണം

# മുമ്പ് സ്കൂളുകളിൽ ലഹരി പദാർത്ഥങ്ങൾ വില്പന നടത്തിയവർ, ഇടനിലക്കാർ, ഉപയോഗിച്ചിരുന്ന വിദ്യാർത്ഥികൾ എന്നിവരെ എക്സൈസ് നിരീക്ഷിക്കും

# നിരന്തരമായി സ്കൂൾ പരിസരത്ത് കറങ്ങുന്നവരെ ശ്രദ്ധിക്കും. ഇവരുടെ വാഹനങ്ങൾ പരിശോധിക്കും