മട്ടലായി, വീരമല, ബേവിഞ്ച കുന്നുകളിൽ ഡ്രോൺ പരിശോധന പരിശോധന വിള്ളലുകൾ കണ്ടെത്താൻ

Tuesday 27 May 2025 10:01 PM IST

കാസർകോട് :ദേശീയപാത നിർമ്മാണത്തിനിടെ അപകടഭീഷണി നിലനിൽക്കുന്ന മേഖലകളിൽ ഡ്രോൺ പരിശോധന നടത്താൻ ജില്ലാകളക്ടർ കെ.ഇമ്പശേഖറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. വീരമലകുന്ന്, മട്ടലായികുന്ന്, ബേവിഞ്ച എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്. ജിയോളജി മണ്ണ് പര്യവേഷണം വകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്ത സർവ്വേ നടത്താനും തീരുമാനിച്ചു.

ഡ്രോൺ പരിശോധനയിലൂടെ മലമുകളിൽ വിള്ളലുകൾ വീണിട്ടുണ്ടോ എന്ന് പരിശോധിക്കുകയും അപകടം തടയാനുള്ള മുൻകരുതൽ സ്വീകരിക്കുകയും ആണ് ലക്ഷ്യം.

അഡീഷണൽ റെയിൻ ഗേജ് വാങ്ങാൻ അനുമതി

റെയിൻ ഗേജ് സ്ഥാപിക്കുന്നതിനുള്ള പ്ലാറ്റ്‌ഫോം ഉൾപ്പെടെ നിർമ്മാണം ആവശ്യമാണെങ്കിൽ ജില്ലാ നിർമ്മിതി കേന്ദ്രത്തെ ചുമതലപ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു. ഉപകരണങ്ങൾ ഉപയോഗിച്ച് സ്വകാര്യസ്ഥാപനങ്ങളോ വ്യക്തികളോ മഴ അളവ് വിവര ശേഖരണം നടത്തുന്നുണ്ടെങ്കിൽ വിവരം ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് കൈമാറണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററിൽ ആണ് വിവരങ്ങൾ നൽകേണ്ടത്.