കർണാടക വനമേഖലയിലെ ഉരുൾപൊട്ടൽ ഭയന്ന് മലയോരഗ്രാമങ്ങൾ

Tuesday 27 May 2025 10:18 PM IST

കണ്ണൂർ: ജില്ലയിൽ മഴയ്ക്ക് അല്പം ശമനമുണ്ടായെങ്കിലും കർണ്ണാടക അതിർത്തി ഗ്രാമങ്ങളിൽ പലതും ഉരുൾപൊട്ടൽ ഭീഷണിയിലാണ്. കർണ്ണാടക വനത്തോട് അതിർത്തി പങ്കിടുന്ന മലയോര പ്രദേശങ്ങളായ എരുവശ്ശേരി,​ നടുവിൽ,​ പയ്യാവൂർ പഞ്ചായത്തുകളിലാണ് ആളുകൾ ഭയപ്പാടിൽ കഴിയുന്നത്.

മലഞ്ചെരുവുകളിലും വനത്തോട് ചേർന്നും നിരവധി വീടുകളാണ് പ്രദേശത്തുള്ളത്. മലഞ്ചെരുവുകളിൽ സ്ഥിതി ചെയ്യുന്ന വീടുകളൊന്നും തന്നെ വേണ്ട രീതിയിലുള്ള സുരക്ഷയില്ലാത്തതുമാണ്. ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ പൈതൽ മല ,​കാഞ്ഞിരക്കൊല്ലി പ്രദേശങ്ങളിലും സമാനമായ ഭീതി നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഉളിക്കൽ പയ്യാവൂർ പഞ്ചായത്തുകളോട് ചേർന്നുള്ള വനമേഖലയിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് രാത്രിയിൽ വഞ്ചിയം,​ ചന്ദനക്കാംപാറ,​ മണിക്കടവ്,​ വയത്തൂർ,​ വണ്ണായ്ക്കടവ്,​ വട്ടിയാൻതോട് പ്രദേശങ്ങളിൽ നേരിയ വെള്ളപ്പൊക്കവും ഉണ്ടായി. മണിക്കടവ് പുഴയിലെ ചപ്പാത്ത് പാലം വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് ഗതാഗതവും തടസ്സപ്പെട്ടിരുന്നു. മേയ് മാസത്തിൽ ഇത്തരത്തിലുള്ള മഴ ആദ്യമായാണെന്ന് നാട്ടുകാർ പറഞ്ഞു.

സജ്ജീകരണവുമായി പഞ്ചായത്തുകൾ

മലമുകളിൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം അതിശക്തമായ മഴ പെയ്ത സാഹചര്യത്തിലും ഇനിയും മഴ തുടരാൻ സാധ്യതയുള്ളപ്പോഴും പ്രദേശത്തെ വിവിധ പഞ്ചായത്തുകൾ മുൻ കരുതൽ നടപടികളും സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. പ്രദേശത്തെ ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്. അപകടസാദ്ധ്യതകളെ തരണം ചെയ്യാൻ സന്നദ്ധസേവകരായ ചെറുപ്പക്കാരെ ഉൾപ്പെടെ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ സജ്ജമാക്കിയിട്ടുണ്ട്.

ഭയപ്പെടേണ്ട സാഹചര്യങ്ങൾ ഒന്നും നിലവിലില്ല. കൃത്യമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പ്രദേശം സജ്ജമാണ്. ആംബുലൻസ് പൊലീസ് സഹായങ്ങളും ഏത് നേരവും വിളിച്ചാൽ കിട്ടുന്ന വാഹനങ്ങളും ഏർപ്പാട് ചെയ്തിട്ടുണ്ട്. കാലവർഷക്കെടുതികളെ കൃത്യമായി നേരിടുകയും ചെയ്യും. സാജു സേവ്യർ,​ പയ്യാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്.