വൈശാഖ മഹോത്സവം; അക്കരെ കൊട്ടിയൂരിൽ കൈയാലകൾ ഒരുങ്ങുന്നു
കൊട്ടിയൂർ: കൊട്ടിയൂരിൽ വൈശാഖ മഹോത്സവത്തിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. അക്കരെ കൊട്ടിയൂരിലെ കൈയാലകളുടെ നിർമ്മാണം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. 55 ഓളം കൈയാലകളാണ് ഉത്സവത്തിനായി നിർമ്മിക്കുന്നത്.ജൂൺ രണ്ടിന് നീരെഴുന്നള്ളത്തിന് മുമ്പായി കൈയാലകളുടെ നിർമ്മാണം പൂർത്തീകരിക്കേണ്ടതുണ്ട്. ഇതോടൊപ്പം വഴിപാട് കൗണ്ടറുകളുടെ നിർമ്മാണവും ദ്രുതഗതിയിൽ നടക്കുന്നുണ്ട്.
ഭക്തജനങ്ങളുടെ സൗകര്യാർത്ഥം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ താത്കാലിക വഴിപാട് കൗണ്ടറുകൾ നിർമ്മിക്കുന്നുണ്ട്. കമുകുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന വഴിപാട് കൗണ്ടറുകളുടെയും കൈയാലകളുടെയും ഓല മേയുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്.
ജൂൺ രണ്ടിന് നീരെഴുന്നള്ളത്ത് നടക്കും. 8 ന് നെയ്യാട്ടവും മുതിരേരി വാൾ വരവും 9 ന് ഭണ്ഡാരം എഴുന്നള്ളത്തും നടക്കും. ജൂൺ 10 മുതൽ 30 ന് ഉച്ചവരെ സ്ത്രീകൾക്ക് അക്കരെ സന്നിധിയിൽ പ്രവേശിക്കാം.
പാർക്കിംഗിന് കൂടുതൽ ഇടങ്ങൾ
വൈശാഖ മഹോത്സവ കാലത്തെ ഭക്തജനത്തിരക്ക് പരിഗണിച്ച് പാർക്കിംഗ് സൗകര്യങ്ങൾ വിപുലപ്പെടുത്താനുള്ള പ്രവൃത്തികളും പുരോഗമിക്കുകയാണ്.ഇക്കരെ കൊട്ടിയൂരിൽ 2000 ഓളം വാഹനങ്ങൾക്കുള്ള സൗകര്യം ഒരുക്കിയതടക്കം അഞ്ചിലധികം പാർക്കിംഗ് ഗ്രൗണ്ടുകൾ ഇത്തവണ ഉണ്ടാകും. പുതുതായി ദേവസ്വം വാങ്ങിയ സ്ഥലത്ത് പാർക്കിംഗ് ഗ്രൗണ്ട് ഒരുക്കാനുള്ള പ്രവൃത്തി നടന്നുവരികയാണെന്നും എക്സിക്യുട്ടീവ് ഓഫീസർ കെ.ഗോകുൽ പറഞ്ഞു.