ബൈജു കൊലക്കേസ്: പ്രതികൾ കുറ്റക്കാരെന്ന് കോടതി, ശിക്ഷ ഇന്ന്

Wednesday 28 May 2025 1:14 AM IST

തിരുവനന്തപുരം : സുഹൃത്തിന്റെ സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് കൊല്ലം പരവൂർ നെടുങ്ങോലം ബൈജു വിലാസത്തിൽ ബൈജുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികളും കുറ്റക്കാരെന്ന് കോടതി. ചിറയിൻകീഴ് അഴൂർ ചരുവിള സ്വദേശികളായ അജി,സുരേഷ്,സഞ്ചു,ഷാജി എന്നിവരെയാണ് അഞ്ചാം അഡിഷണൽ സെഷൻസ് ജഡ്ജി സിജു ഷേഖ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.കൊല്ലം നെടുങ്ങോലത്ത് താമസക്കാരനായ ചിറയിൻകീഴ് സ്വദേശി സുധീഷിന്റെ കുടുംബ വീട്ടിൽ സുധീഷിനൊപ്പം എത്തിയതാണ് ബൈജുവും സുഹൃത്തുക്കളായ അനു,ജിനു,വിപിൻ ബാബു,അഖിൽ എന്നിവർ. സുധീഷിന്റെ സഹോദരിയെ രണ്ടാം പ്രതി സുരേഷ് നിരന്തരം ശല്യം ചെയ്തത് സുധീഷ് ചോദ്യം ചെയ്യുകയും പറഞ്ഞ് വിലക്കുകയും ചെയ്തു. ഇതിൽ പ്രകോപിതരായ പ്രതികൾ സുധീഷിനെ ആക്രമിക്കാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച സുധീഷിന്റെ അച്ഛൻ സുരേഷിനെയും പ്രതികൾ ആക്രമിച്ചു. ഇത് തടയുന്നതിനിടെയാണ് ബൈജുവിനെ പ്രതികൾ കുത്തി പരിക്കേൽപ്പിച്ചത്. കുത്തേറ്റ ബൈജു സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. മറ്റുളളവർക്ക് പരിക്കേൽക്കുകയും ചെയ്തു. 2007 ഏപ്രിൽ 25നായിരുന്നു സംഭവം. പ്രോസിക്ക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ബി.എസ്.രാജേഷ് ഹാജരായി.