പ്രചാരണത്തിന് തുടക്കമിട്ട് യു.ഡി.എഫ്
നിലമ്പൂർ: യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ തുടക്കം നിയോജക മണ്ഡലം നേതൃയോഗത്തോടെ ആരംഭിച്ചു. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ എം.പി, മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം തുടങ്ങിയവർ പങ്കെടുത്തു. രണ്ടുതവണ മണ്ഡലം കൈവിട്ട സാഹചര്യം മുൻനിറുത്തി പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും പ്രാദേശികമായി നേതാക്കൾക്കിടയിലോ പ്രവർത്തകർക്കിടയിലോ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ വേഗത്തിൽ പരിഹരിക്കാനും തീരുമാനമായി. താഴെതട്ടിൽ മുന്നണി സംവിധാനം കൂടുതൽ ശക്തമാക്കും.
നിലമ്പൂരിൽ ഭരണത്തിന്റെ വിലയിരുത്തലാവും: ബിനോയ്
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാണെന്ന് പറയാൻ ഒരു ഭയപ്പാടുമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സർക്കാരിന് തല ഉയർത്തിപ്പിടിച്ച് പറയാൻ ഒട്ടേറെ കാര്യങ്ങളുണ്ട്. അതെല്ലാം അങ്ങനെ തന്നെ പറയും. ജനങ്ങൾ അത് സ്വീകരിക്കും. ജാതിമത സമവാക്യങ്ങളല്ല അവിടെ വിജയം തീരുമാനിക്കുന്നത്. ജനങ്ങൾ മാത്രമാണ് നിലമ്പൂരിലെ എൽ.ഡി.എഫിന്റെ സമവാക്യം. കരുവന്നൂരിലെ ഇ.ഡി നടപടി അടിമുടി രാഷ്ട്രീയമാണ്. ഏജന്റുമാരെ വച്ച് കൈക്കൂലി വാങ്ങുന്ന ദല്ലാളന്മാരാണ് ഇ.ഡി. ബി.ജെ.പിക്കായി എന്തും ചെയ്യാൻ മടിക്കാത്ത പോറ്റുപട്ടിയാണ് അവർ. പി.വി.അൻവർ സോപ്പുകുമിളയാണ്. അൻവറിനെ പണ്ടേ സി.പി.ഐ തിരിച്ചറിഞ്ഞതാണ്.