വഴങ്ങാതെ കോൺഗ്രസ്; സമവായം തേടി അൻവർ
മലപ്പുറം: അൻവറിന്റെ സമ്മർദ്ദത്തിന് വഴങ്ങേണ്ടെന്ന് കോൺഗ്രസ് തീരുമാനിച്ചതോടെ പി.വി.അൻവർ സമവായത്തിലേക്കെന്ന് സൂചന. ഇന്നലെ വൈകിട്ട് പി.വി. അബ്ദുൾ വഹാബ് എം.പിയുടെ നിലമ്പൂരിലെ വീട്ടിൽ പി.കെ.കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം എന്നിവരുമായി അൻവർ കൂടിക്കാഴ്ച നടത്തി. യു.ഡി.എഫ് നേതൃയോഗത്തിന് പിന്നാലെയാണ് ഈ കൂടിക്കാഴ്ച. രാവിലെ കുഞ്ഞാലിക്കുട്ടിയുടെ വസതിയിലെത്തി അൻവർ മുസ്‌ലിം ലീഗ് നേതാക്കളെ കണ്ടിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നം തീർന്നില്ലേ. ഇതിനും പരിഹാരം ഉണ്ടാകുമെന്ന് വൈകിട്ടത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം അൻവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
പാർട്ടി തീരുമാനം വ്യാഴാഴ്ച സംസ്ഥാന കമ്മിറ്റി ചേർന്ന് തീരുമാനിക്കും. ഒറ്റയ്ക്ക് തീരുമാനം എടുക്കാനാകില്ല. വി.ഡി.സതീശന്റെ പ്രതികരണം പോസിറ്റീവായാണ് കാണുന്നത്. കെ.പി.സി.സി അദ്ധ്യക്ഷനുമായി രണ്ട് ദിവസം മുമ്പ് സംസാരിച്ചിരുന്നു. നമ്മളൊരു ചിന്ന പാർട്ടിയാണ്. എപ്പോഴും ഹോപ്പ്ഫുൾ ആണ്. മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും അൻവർ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെതിരായ ആരോപണം വസ്തുതകളാണ്. യു.ഡി.എഫിന്റെ ഭാഗമല്ലാത്തത് കൊണ്ടാണ് സ്ഥാനാർത്ഥിക്കെതിരെ പരസ്യ പ്രതികരണം നടത്തിയതെന്നും അൻവർ പറഞ്ഞു.