ചൈന-പാക് ഭീഷണി നേരിടാൻ- ഇന്ത്യൻ സ്റ്റെൽത്ത് യുദ്ധവിമാനം, പദ്ധതി ദൗത്യം എ.ഡി.എയ്ക്ക്
ന്യൂഡൽഹി: റഡാറുകളുടെ കണ്ണുവെട്ടിക്കുന്ന അഞ്ചാം തലമുറ സ്‌റ്റെൽത്ത് യുദ്ധവിമാനം തദ്ദേശീയമായി വികസിപ്പിക്കാനുള്ള എ.എം.സി.എ(ആംക, അഡ്വാൻസ്ഡ് മീഡിയം കോപാക്‌ട് എയർക്രാഫ്റ്റ്) പദ്ധതിക്ക് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അംഗീകാരം നൽകി. നിലവിൽ യു.എസിനും(എഫ്-22, എഫ്-35) ചൈനയ്‌ക്കും(ജെ-20, ജെ-35) മാത്രമാണ് അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനങ്ങളുള്ളത്.
എയ്‌റോസ്‌പേസ് മേഖലയിൽ സ്വാശ്രയത്വം കൈവരിക്കുന്നതിന്റെ ഭാഗമായി തദ്ദേശീയ ആംക പ്രോട്ടോടൈപ്പ് വികസിപ്പിക്കാനുള്ള ദൗത്യം ബംഗളൂരു ആസ്ഥാനമായുള്ള എ.ഡി.എയ്ക്കാണ് (എയ്റോനോട്ടിക്കൽ ഡെവലപ്‌മെന്റ് ഏജൻസി). തേജസ് നിർമ്മാണത്തിന്റെ തിരക്കുള്ള പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്കൽ ലിമിറ്റഡിനെ(എച്ച്.എ.എൽ) ഒഴിവാക്കി മറ്റ് സ്വകാര്യ, പൊതു സ്ഥാപനങ്ങളിൽ നിന്ന് നിർമ്മാണ ടെൻഡറുകൾ ക്ഷണിക്കും. തദ്ദേശീയ ലൈറ്റ് കോംപാക്‌ട് എയർക്രാഫ്റ്റായ തേജസ് വികസിപ്പിച്ചതും എ.ഡി.എയാണ്. തേജസിൽ ഉപയോഗിക്കുന്ന കാവേരി എൻജിൻ (നാലാം തലമുറ) സ്റ്റെൽത്തിനായി വിദേശ സഹായത്തോടെ പരിഷ്‌കരിക്കും
ആദ്യ സ്‌റ്റെൽത്ത് വിമാനം 2035ൽ
പദ്ധതിയുടെ പ്രാരംഭ വികസനച്ചെലവ് ഏകദേശം 15,000 കോടി
വ്യോമ മേധാവിത്വം, കര ആക്രമണങ്ങൾ, ശത്രു വ്യോമ പ്രതിരോധ അടിച്ചമർത്തൽ (സീഡ്), ഇലക്ട്രോണിക് യുദ്ധം (ഇ.ഡബ്‌ള്യു) എന്നിവയുൾപ്പെടെ വിവിധ ദൗത്യങ്ങൾക്കായി എ.എം.സി.എ വികസിപ്പിക്കാൻ സുരക്ഷാകാര്യങ്ങൾക്കായുള്ള മന്ത്രിസഭ സമിതി നേരത്തെ അംഗീകാരം നൽകിയിരുന്നു.
ശബ്‌ദത്തേക്കാൾ വേഗത
1. അഞ്ചാം തലമുറ സ്റ്റെൽത്ത് ഒറ്റ സീറ്റുള്ള ഇരട്ട എൻജിൻ യുദ്ധവിമാനമാണ്. ശബ്‌ദത്തേക്കാൾ വേഗത. എല്ലാ കാലാവസ്ഥയിലും പെട്ടെന്ന് പറന്നുയരാനാവും. ഏകദേശം 25 ടൺ ഭാരം. 55,000 അടി ഉയരത്തിൽ പറക്കും. മിസൈലുകളും ബോംബുകളും വയ്‌ക്കാൻ പ്രത്യേക അറ. അത്യാധുനിക ഇലക്‌ട്രോണിക് ഉപകരണങ്ങൾ.
2. ഇൻഫ്രാറെഡ്, പ്രകാശം, താപം, ശബ്‌ദം, റേഡിയോ ഫ്രീക്വൻസി എന്നിവ താരതമ്യേന കുറച്ച് പുറത്ത് മാത്രം പുറത്തുവിടാത്തതിനാൽ പരമ്പരാഗത റഡാറുകളുടെ കണ്ണുവെട്ടിക്കാനാവും
പാകിസ്ഥാന് ചൈനീസ്
സ്റ്റെൽത്ത് വാഗ്ദാനം
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ ആകാശ മേധാവിത്വത്തിൽ പതറിയ പാകിസ്ഥാന് ചൈന അവരുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ ഷെൻയാംഗ് ജെ-35 വാഗ്‌ദാനം ചെയ‌്തു. കുറഞ്ഞ വിലയ്‌ക്ക് നൽകിയേക്കും. ആറാം തലമുറ ജെ -36 വിമാനങ്ങൾ അടക്കം വികസിപ്പിച്ച് ചൈനീസ് വ്യോമസേന ആധുനികവത്‌ക്കരിക്കുന്നു. പാകിസ്ഥാനെ സഹായിക്കുന്നു. നൂതന ചൈനീസ് വിമാനം ജെ-10 പാക് സേനയുടെ ഭാഗം.