ബിൽഡിംഗ് പെർമിറ്റിന് കൈക്കൂലി: ഓവർസിയർ വിജിലൻസ് പിടിയിൽ

Thursday 29 May 2025 1:03 PM IST

പാലക്കാട്: ബിൽഡിംഗ് പെർമിറ്റിനായി ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസിയർ വിജിലൻസിന്റെ പിടിയിൽ. പുതുശ്ശേരി പഞ്ചായത്തിലെ ഗ്രേഡ് 3 ഓവർസിയറും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ സി.എസ്.ധനീഷ്(35) ആണ് അറസ്റ്റിലായത്.

ചടയൻ കാലായി സ്വദേശി ഗാന്ധി രാജാണ് പരാതിക്കാരൻ. ഇദ്ദേഹത്തോട് 10000 രൂപ കൈക്കൂലി ചോദിച്ച് പെർമിറ്റ് നടപടികൾ വൈകിക്കുകയായിരുന്നു. ഒട്ടേറെ പേരിൽ നിന്ന് ഇയാൾ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് വിജിലൻസ് പറഞ്ഞു. ഡിവൈ.എസ്.പി ഷംസുദീന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരാതിക്കാരൻ ഗാന്ധി രാജ് ചെടയൻകലായ് എന്ന സ്ഥലത്ത് പുതുതായി പണികഴിപ്പിക്കുന്ന 700 സ്‌ക്വയർ ഫീറ്റ് ബിൽഡിംഗിന്റെ പെർമിറ്റിനായി പുതുശ്ശേരി പഞ്ചായത്തിൽ പ്ലാനും മറ്റ് രേഖകളും സഹിതം അപേക്ഷ നൽകിയിരുന്നു. സി.എസ്.ധനീഷ് കഴിഞ്ഞ 15ന് സ്ഥല പരിശോധനയ്ക്ക് ശേഷം റിപ്പോർട്ട് നൽകുന്നതിന് 20,000രൂപ കൈക്കൂലി ആവശ്യപ്പെട്ടു. അതിൽ 10,000രൂപ ഉടൻ നൽകണമെന്നും ബാക്കി തുക ബിൽഡിംഗ് പെർമിറ്റ് കിട്ടിയതിന് ശേഷം നൽകിയാൽ മതിയെന്നും പറഞ്ഞു.

തുടർന്ന് ഓവർസിയർ പരാതിക്കാരനെ പല പ്രാവശ്യം ഫോണിൽ വിളിച്ച് തുക ആവശ്യപ്പെട്ടു. പരാതിക്കാരൻ വിവരം പാലക്കാട് വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 2.40ന് കഞ്ചിക്കോടുള്ള ഷോപ്പിംഗ് കോംപ്ലക്സിൽ വച്ച് കൈക്കൂലി വാങ്ങവേ വിജിലൻസ് സംഘം പിടി കൂടുകയായിരുന്നു. പ്രതിയെ തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.