അഴിമതി: 'ഇന്‍സ്റ്റാ ക്വീൻ' അമാൻദീപ് വീണ്ടും അറസ്റ്റില്‍

Wednesday 28 May 2025 12:39 AM IST

അമൃത്സർ : മയക്കുമരുന്ന് കൈവശം വച്ചതിന് പഞ്ചാബ് പൊലീസ് അറസ്റ്ര് ചെയ്ത കോൺസ്റ്റബിൾ അമാൻദീപ് കൗർ വീണ്ടും അറസ്റ്റിൽ. അഴിമതി കേസിലാണ് പഞ്ചാബ് പൊലീസിന്റെ വിജിലൻസ് വിഭാഗം ഇൻസ്റ്റ ക്വീൻ എന്നറിയപ്പെട്ടിരുന്ന കൗറിനെ അറസ്റ്റ് ചെയ്തതത്. നിലവിൽ അനധികൃത സ്വത്ത് സമ്പാദനത്തിനാണ് കേസെടുത്തിരിക്കുന്നത്. കൗറിന്റെ പേരിൽ കോടികളുടെ ഭൂമിയും റോളക്സ് വാച്ച്, ഐ ഫോണുകൾ, മഹീന്ദ്ര താർ, റോയൽ എൻഫീൽഡ് ബുള്ളറ്റ് എന്നിവയുമുണ്ട്.

ഏപ്രിലിൽ 17.71 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തതിനെത്തുടർന്ന് ആന്റി നാർക്കോട്ടിക്സ് ടാസ്‌ക് ഫോഴ്സ് കൗറിനെ അറസ്റ്റ് ചെയ്തിരുന്നു. മേയ് രണ്ടിന് ഇവർ ജാമ്യത്തിലിറങ്ങി.പഞ്ചാബ് പൊലീസ് കൗറിന്റെ ഉടമസ്ഥതയിലുള്ള 1.35 കോടിയുടെ സ്വത്ത് മരവിപ്പിച്ചിട്ടുണ്ട്.

2018 മുതൽ 2025 വരെയുള്ള കാലയളവിനിടയിലാണ് ഭൂമിയടക്കമുള്ള സ്വത്തുക്കൾ കൗർ സ്വന്തമാക്കിയത്.

ഇത് ഇവർ എങ്ങനെ സമ്പാദിച്ചുവെന്നാണ് വിജിലൻസ് പരിശോധിക്കുന്നത്. കൗറിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പടെ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കിയാവും അന്വേഷണം. വരുമാനത്തേക്കാളും വലിയ സമ്പാദ്യം കൗറിനുണ്ട്.

കൗറിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിരവധി വീഡിയോകളുണ്ട്. പൊലീസ് യൂണിഫോം ധരിച്ച് ഡിപ്പാർട്ട്മെന്റിനെ തന്നെ കളിയാക്കുന്ന വീഡിയോകളും ധാരാളമാണ്. വൻ വിലയുള്ള വാച്ച്, ഹാൻഡ്ബാഗുകൾ, ആഭരണങ്ങൾ എന്നിവ വീഡിയോയിൽ പ്രദർശിപ്പിച്ചിരുന്നു.

പിടിച്ചെടുത്ത സ്വത്ത്

 ബത്തിൻഡയിലെ വിരാട് ഗ്രീനിലെ ഭൂമി (217 ചതുരശ്ര യാർഡ്): 99,00,000 രൂപയുടെ മൂല്യം

 ഡ്രീം സിറ്റിയിലെ ഭൂമി (120.83 ചതുരശ്ര യാർഡ്): 18,12,000 രൂപയുടെ മൂല്യം

 താർ കാർ: 14,00,000 രൂപ

 റോയൽ എൻഫീൽഡ് ബുള്ളറ്റ്: 1,70,000 രൂപ

 ഐ ഫോൺ 13 പ്രോ മാക്സ്: 45,000 രൂപ

 ഐ ഫോൺ എസ്ഇ: 9,000 രൂപ

 വിവോ ഫോൺ: 2,000 രൂപ

 റോളക്സ് വാച്ച്: 1,00,000 രൂപ

 ബാങ്ക് ബാലൻസ് (എസ്.ബി.ഐ): 1,01,588.53 രൂപ