ചാരന്മാരെന്ന് അറിഞ്ഞിട്ടും ജ്യോതി അടുപ്പം തുടർന്നു
ന്യൂഡൽഹി: ചാരവൃത്തിക്ക് അറസ്റ്റിലായ യൂ ട്യൂബർ ജ്യോതി മൽഹോത്ര പാക് ചാരസംഘടനയിലെ അംഗങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്നും
സ്ഥിരമായി ആശയവിനിമയം നടത്തിയിരുന്നതായും റിപ്പോർട്ട്. ഐ.എസ്.ഐയിലെ അംഗങ്ങളുമായാണ് ബന്ധപ്പെടുന്നതെന്ന് അറിഞ്ഞിട്ടും ജ്യോതിക്ക് ഭയമുണ്ടായിരുന്നില്ല. കുറഞ്ഞത് നാല് പാക് ചാരന്മാരുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നു. ഇതിൽ ഡാനിഷ് എന്നയാൾ ഡൽഹിയിലെ പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനായിരുന്നു. അഹ്സാൻ, ഷാഹിദ് തുടങ്ങിയവരാണ് മറ്റു പാക് ചാരന്മാർ. ഐ.എസ്.ഐയിൽ ഇവരുടെ പദവികൾ എന്താണെന്നത് ഏജൻസികൾ അന്വേഷിച്ചുവരികയാണ്. പൊലീസ് പിടിച്ചെടുത്ത ജ്യോതിയുടെ മൊബൈൽ ഫോണിൽ നിന്നും ലാപ്‌ടോപ്പിൽനിന്നും നിരവധി വിവരങ്ങൾ നീക്കംചെയ്തിരുന്നു. ഏകദേശം 12 ടി.ബിയോളം വരുന്ന ഡേറ്റയാണ് പൊലീസ് ഇതിൽനിന്ന് വീണ്ടെടുത്തത്. ഈ വിവരങ്ങൾ പരിശോധിച്ചതോടെയാണ് ഐ.എസ്.ഐ ഏജന്റുമാരുമായാണ് ബന്ധപ്പെട്ടിരുന്നതെന്ന വിവരം ലഭിച്ചത്. ഇവരുടെ നാല് ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചുവരികയാണ്. പാകിസ്ഥാൻ സന്ദർശിക്കുമ്പോൾ ജ്യോതിക്ക് പ്രത്യേക പരിഗണന ലഭിച്ചിരുന്നു.
ജ്യോതി പാകിസ്താനിൽ തോക്കേന്തിയ അംഗരക്ഷകരുടെ അകമ്പടിയോടെ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഒരു സ്‌കോട്ടിഷ് യൂട്യൂബറുടെ വീഡിയോയിലാണ് അംഗരക്ഷകരുടെ അകമ്പടിയോടെ പാകിസ്താനിലെ അനാർക്കലി ബസാറിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങളുണ്ടായിരുന്നത്. എ.കെ 47 തോക്കുകളാണ് അവരുടെ പക്കലുണ്ടായിരുന്നത്. ഇക്കഴിഞ്ഞ മാർച്ചിലാണ് സംഭവം. ജ്യോതിക്ക് പാകിസ്താനിൽ ഇത്തരത്തിലുള്ള സുരക്ഷയും വി.ഐ.പി പരിഗണനയും എങ്ങനെ ലഭിച്ചുവെന്നതും അന്വേഷിച്ചുവരികയാണ്. ആരാണ് ജ്യോതി മൽഹോത്രയ്ക്ക് പാകിസ്താനിൽ സായുധസംഘത്തിന്റെ സുരക്ഷ നൽകാൻ നിർദ്ദേശം നൽകിയതെന്നും അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്.