ബംഗ്ളാദേശിലെ ചൈനീസ് സാന്നിദ്ധ്യം: കൈലാഷഹറിൽ സന്നാഹമൊരുക്കി ഇന്ത്യ

Wednesday 28 May 2025 12:41 AM IST

ന്യൂഡൽഹി: ബംഗ്ളാദേശിലെ പുതിയ ഭരണകൂടവുമായുള്ള അടുപ്പം മുതലെടുത്ത് ചൈന നടത്തുന്ന നീക്കങ്ങൾ വടക്കു കിഴക്കൻമേഖലയിൽ ഇന്ത്യയ്‌ക്ക് പുതിയ ഭീഷണി. രണ്ടാം ലോകമഹായുദ്ധകാലത്തെ ബംഗ്ലാദേശിലെ ലാൽമോനിർഹത് ജില്ലയിലെ വ്യോമതാവളം ചൈനീസ് സഹായത്തോടെ പുനരുജ്ജീവിപ്പിക്കുന്ന നടപടി അവർ ആരംഭിച്ചു. ഭീഷണി മുന്നിൽ കണ്ട് ഇന്ത്യ മുൻപ് ഉപേക്ഷിച്ച ത്രിപുരയിലെ കൈലാഷഹർ വിമാനത്താവളം പുനരുജ്ജീവിപ്പിക്കാൻ നീക്കം തുടങ്ങി.

ചൈന നവീകരിക്കുന്ന വ്യോമതാവളം ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന സിലിഗുരി ഇടനാഴിയിൽ നിന്ന് (കോഴി കഴുത്ത്) 20 കിലോമീറ്റർ അകലെയാണ്. ഇതിനടുത്താണ് ത്രിപുര ഉനകോട്ടി ജില്ലയിലെ വിമാനത്താവളവും. വിമാനത്താവളം പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യ (എ.എ.ഐ) ആരംഭിച്ചു. എ.എ.ഐ നോർത്ത് ഈസ്റ്റ് റീജിയണൽ എക്സിക്യൂട്ടീവ് ഡയറക്ടർ എം രാജു ക്രിഷോർ, അഗർത്തല എയർപോർട്ട് ഡയറക്ടർ കെ.സി.മീണ എന്നിവർ കൈലാഷഹർ വിമാനത്താവളം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

കൈലാഷഹർ വിമാനത്താവളം

 1971ലെ ഇന്ത്യ-പാക് യുദ്ധത്തിൽ ഇന്ത്യൻ വ്യോമസേനയുടെ ദൗത്യങ്ങൾ കേന്ദ്രീകരിച്ച വ്യോമതാവളം.

 30 വർഷത്തിലേറെയായി പ്രവർത്തനരഹിതം. ബംഗ്ലാദേശിലെ ആദ്യത്തെ പ്രതിരോധ വ്യോമ യൂണിറ്റായ കിലോ ഫ്ലൈറ്റിന്റെ ഉദ്ഘാടന ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയത് ഇവിടെനിന്ന്. കിലോ ഫ്ലൈറ്റ് ടീം പിന്നീട് ബംഗ്ലാദേശ് വ്യോമസേനയായി

 കൈലാശഹർ വിമാനത്താവളത്തിന്റെ പുനരുജ്ജീവനം, തന്ത്രപരമായ നീക്കങ്ങളും യുദ്ധ സാമഗ്രികളുടെ ദ്രുത വിന്യാസവും ലക്ഷ്യമിട്ടാണ്. അഗർത്തലയ്‌ക്ക് പുറമെ ത്രിപുരയ്‌ക്ക് മറ്റൊരു വിമാനത്താവളം ലഭിക്കുമെന്ന മെച്ചവുമുണ്ട്.