ഇസ്രയേൽ ആക്രമണം: ഗാസയിൽ കൊല്ലപ്പെട്ടവർ 54,000 കടന്നു
ടെൽ അവീവ്: ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 54,000 കടന്നതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 54,056 പാലസ്തീനികൾ കൊല്ലപ്പെട്ടു. പരിക്കേറ്റവർ 123,129 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 79 പേർ മരിക്കുകയും 169പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരിൽ ചുരുക്കം ചിലരെ മാത്രമാണ് കണ്ടെത്താനായത്. അതിനാൽ കാണാതായവരെ മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയാൽ മരണസംഖ്യ 60,000 കടക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഗവൺമെന്റ് മീഡിയ ഓഫീസ് പങ്കുവയ്ക്കുന്ന വിവരം അനുസരിച്ച് അവശിഷ്ടങ്ങൾക്കിടയിൽ കാണാതായവരെ മരിച്ചതായി കണക്കാക്കിക്കൊണ്ട് ഗാസയിൽ ഇതുവരെ 61,700ൽ കൂടുതൽ പേർ മരിച്ചതായാണ് പറയുന്നത്. മാർച്ച് 18ന് ഇസ്രയേൽ സൈന്യം ഗാസ മുനമ്പിൽ പുനരാരംഭിച്ച ആക്രമണത്തിൽ 3,822 പേർ കൊല്ലപ്പെട്ടുകയും 11,000ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വടക്കൻ ഗാസയിൽ കൊല്ലപ്പെട്ടെവരെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഗവൺമെന്റ് മീഡിയ ഓഫീസ് പറയുന്നു.
കഴിഞ്ഞ നവംബറിൽ യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും അദ്ദേഹത്തിന്റെ മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഗാസ മുനമ്പിലെ കൂട്ടക്കുരുതിയിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നിന്നും വംശഹത്യ കേസ് ഇസ്രയേൽ നേരിടുന്നുണ്ട്.
ഇസ്രയേൽ സഹായം തടയുകയും ആക്രമണം ശക്തമാക്കുകയും ചെയ്തതിനാൽ ഗാസയിലെ ആശുപത്രികളിൽ രോഗികളെ ചികിത്സിക്കാൻ ആവശ്യമായ സാമഗ്രികൾ ഇല്ലെന്ന് ലോകാരോഗ്യ സംഘടനയുടെ വക്താവ് പറഞ്ഞു.