 നായ കടിച്ച മകളുമായി ആശുപത്രിയിലേക്ക് പൊലീസ് തടഞ്ഞ ബൈക്കിൽ നിന്നുവീണ് കുട്ടിക്ക് ദാരുണാന്ത്യം

Wednesday 28 May 2025 1:30 AM IST

ബംഗളൂരു: നായയുടെ കടിയേറ്റ കുട്ടിയുമായി ആശുപത്രിയിലേക്കുപോയ ബൈക്ക് ട്രാഫിക് പൊലീസ് തടഞ്ഞതിനെ തുടർന്നുണ്ടായ അപകടത്തിൽ മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം. കർണാടക മാണ്ഡ്യയിൽ കഴിഞ്ഞ ദിവസം രാവിലെ 11നാണ് സംഭവം. മദ്ദൂർ താലൂക്കിലെ ഗൊരവനഹള്ളിയിൽ വീടിനടുത്തുവച്ചാണ് ഋതിക്ഷയ്ക്ക് നായയുടെ കടിയേൽക്കുന്നത്. കുഞ്ഞുമായി ഉടൻ അച്ഛനുമമ്മയും ബൈക്കിൽ പുറപ്പെട്ടു. ഇതിനിടെ ഹെൽമെറ്റ് ധരിച്ചില്ലെന്ന കാരണത്താൽ ബൈക്ക് ട്രാഫിക് പൊലീസ് തടഞ്ഞു. ഒരു ഉദ്യോഗസ്ഥൻ ഹാൻഡിലിൽ പിടിച്ചതോടെ നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് അമ്മയുടെ മടിയിലിരുന്ന ഋതിക്ഷ റോഡിലേക്കുവീണു. പിന്നാലെ വന്ന ലോറി കുഞ്ഞിനുമേൽ കയറിയിറങ്ങുകയായിരുന്നു. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണം.

നായ കടിച്ചതുകൊണ്ട് കുട്ടിയെ വേഗം ആശുപത്രിയിൽ എത്തിക്കണമെന്ന് പൊലീസിനോടു പറഞ്ഞതാണെന്ന് കുട്ടിയുടെ ബന്ധു മാദ്ധ്യമങ്ങളോടു പറഞ്ഞു. 'ആദ്യം പൊലീസുകാർ അത്യാവശ്യം കണ്ട് ഞങ്ങളെ വിട്ടു. എന്നാൽ എതിർവശത്തുനിന്നുവന്ന മറ്റൊരു സംഘം പൊലീസ് തടയുകയായിരുന്നു. അവരോടു താഴ്മയായി പറഞ്ഞെങ്കിലും കടത്തിവിട്ടില്ല. അതിലൊരു ഉദ്യോഗസ്ഥൻ ബൈക്കിന്റെ ഹാൻഡിലിൽ പിടിച്ചു. ഇതേതുടർന്നാണ് നിയന്ത്രണം നഷ്ടമായത്. ബൈക്ക് വശത്തേക്കു വീണു. പൊലീസ് പറഞ്ഞിട്ടാണ് ലോറി പിന്നോട്ട് എടുത്തത്. അതു കുട്ടിയുടെ തലയിലൂടെ കയറുകയായിരുന്നു"- ബന്ധു പറഞ്ഞു. നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും പ്രതിഷേധിച്ചു. മൃതദേഹവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു. തുടർന്ന് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ ജയറാം, നാഗരാജ്, ഗുരദേവ് എന്നിവരെ മാണ്ഡ്യ എസ്.പി ബി. മല്ലികാർജ്ജുൻ സസ്‌പെൻഡ് ചെയ്തു. ഇവർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു.

കേന്ദ്രമന്ത്രിയും മാണ്ഡ്യ എം.പിയുമായ എച്ച്.ഡി കുമാരസ്വാമി ദുഃഖം രേഖപ്പെടുത്തി. ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത വേണമെന്ന് അദ്ദേഹം ട്രാഫിക് പൊലീസിനോട് ആവശ്യപ്പെട്ടു.ആഭ്യന്തരമന്ത്രി ജി. പരമേശ്വരയും പൊലീസിന് മുന്നറിയിപ്പ് നൽകി.