കമലഹാസൻ രാജ്യസഭയിലേക്ക്; പ്രഖ്യാപനവുമായി ഡിഎംകെ, തിരഞ്ഞെടുപ്പ് ജൂൺ 19ന്
ചെന്നൈ: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള ഡിഎംകെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. നാല് സീറ്റുകളിൽ മക്കൾ നീതി മയ്യം നേതാവും നടനുമായ കമലഹാസന് പാർട്ടി ഒരു സീറ്റ് മാറ്റിവച്ചു. പി വിൽസൺ, എസ് ആർ ശിവലിംഗം, കവി സൽമ എന്നിവരാണ് മറ്റ് ഡിഎംകെ സ്ഥാനാർത്ഥികൾ. മക്കൾ നീതി മയ്യവുമായുള്ള തിരഞ്ഞെടുപ്പ് സഖ്യത്തിന്റെ ഭാഗമായാണ് കമലഹാസന് സീറ്റ് അനുവദിച്ചത്.
ജൂൺ 19ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ, ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) നാല് സ്ഥാനാർത്ഥികളെ നിർത്തും. ഈ നാല് സീറ്റുകളിൽ മൂന്നെണ്ണത്തിൽ ഡിഎംകെ സ്ഥാനാർത്ഥികൾ മത്സരിക്കും. നിലവിലുള്ള കരാർ പ്രകാരം ഒരു സീറ്റ് മക്കൾ നീതി മയ്യം പാർട്ടിക്ക് അനുവദിച്ചിട്ടുണ്ടെന്ന് പാർട്ടി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ ദിവസമാണ് തമിഴ്നാട്ടിലെ ആറ് സീറ്റിലടക്കം എട്ട് രാജ്യസഭ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി കമ്മിഷൻ പ്രഖ്യാപിച്ചത്. ഇതോടെയാണ് കമലിന്റെ രാജ്യസഭാ പ്രവേശനത്തിന് വഴിയൊരുങ്ങിയത്. 234 അംഗ തമിഴ്നാട് നിയമസഭയിൽ 34 വോട്ടുകളാണ് ഒരു രാജ്യസഭ അംഗത്തിന് ജയിക്കാൻ വേണ്ടത്. ഇത് പ്രകാരം 159 നിയമസഭ സീറ്റുകളുള്ള ഡിഎംകെയ്ക്ക് നാല് അംഗങ്ങളെ വിജയിപ്പിക്കാൻ സാധിക്കും.
ഡിഎംകെയുമായുള്ള ധാരണ കണക്കിലെടുത്ത് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം മത്സരത്തിനിറങ്ങിയിരുന്നില്ല. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈയ്‌ക്കെതിരെ കോയമ്പത്തൂരിൽ മത്സരത്തിറങ്ങിയ കമലിനോട് പിന്മാറണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടിരുന്നു. പകരം രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തു. എന്നാൽ സീറ്റ് കമലിന് മാത്രമായിരിക്കുമെന്നും ഡിഎംകെ അറിയിച്ചിരുന്നു.
മക്കൾ നീതി മയ്യം പാർട്ടി രൂപീകരിച്ചിട്ടുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ പരാജയം അറിഞ്ഞ കമൽ, ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിക്കൊപ്പമാണ് നിലയുറപ്പിച്ചത്. ഇതിന്റെ ഭാഗമായി മുന്നണിയുടെ വിജയത്തിനായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. അന്ന് കോൺഗ്രസിന്റെ ഏതെങ്കിലും ഒരു സീറ്റിൽ അദ്ദേഹം മത്സരിക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ആ ഘട്ടത്തിൽ ലോക്സഭയിലേക്ക് പോകാൻ കമൽ തയ്യാറായില്ല.