നെടുമണ്ണിയിൽ വെള്ളക്കെട്ട് ദുരിതം, എട്ടുവർഷമായി എട്ടിന്റെ പണി
കറുകച്ചാൽ : ശക്തമായൊരു മഴ പെയ്താൽ മതി നെടുമണ്ണിയുടെ ദുരിതം തുടരും. തോട് കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറും, കൃഷിയിടങ്ങൾ നശിക്കും. പിന്നെ വെള്ളം ഇറങ്ങാനുള്ള കാത്തിരിപ്പാണ്. പക്ഷെ ഇതിനോടകം നഷ്ടമേറെയാണ്.
ജലനിധിയുടെ ആവശ്യത്തിനായി എട്ടുവർഷം മുൻപ് കങ്ങഴ പഞ്ചായത്ത് നെടുമണ്ണി തോട്ടിൽ തടയണ നിർമ്മിച്ചപ്പോൾ തുടങ്ങിയ പ്രശ്നങ്ങളാണിത്. ദുരിതം അനുഭവിക്കുന്നതിലേറെയും നെടുംകുന്നം പഞ്ചായത്തിലുള്ളവരും.
മഴ കനത്തതോടെ വീണ്ടും ആശങ്ക ഉയരുകയാണ്. വെള്ളം കയറി കറുകച്ചാൽ - മണിമല റോഡ് മുങ്ങും. പോസ്റ്റ് ഓഫീസ് അടക്കമുള്ള സ്ഥാപനങ്ങളിൽ വരെ വെള്ളം കയറും. പരാതികളുമായി നാട്ടുകാർ ഇനി കയറിയിറങ്ങാൻ ഇടമില്ല. നെടുമണ്ണി ആര്യാട്ടുകുഴി ഭാഗത്തെ നാൽപ്പതോളം പേരുടെ കൃഷിയിടങ്ങളാണ് വെള്ളം കയറി നശിക്കുന്നത്. തോട്ടിലെ നീരൊഴുക്ക് തടസപ്പെട്ട നിലയിലാണ്. പ്ലാസ്റ്റിക്കും ഗാർഹിക മാലിന്യങ്ങളും തോട്ടിൽ തള്ളുന്നത് പതിവാണ്.
മന്ത്രി ഉറപ്പ് നൽകി, പക്ഷേ
തടയണ പൊളിക്കണമെന്നാവശ്യപ്പെട്ട് നെടുംകുന്നം പഞ്ചായത്തും നാട്ടുകാരും മുഖ്യമന്ത്രിയുടെ പരാതി അദാലത്തിൽ പരാതി നൽകിയിരുന്നു. വിഷയം പരിഗണിച്ച മന്ത്രി റോഷി അഗസ്റ്റിൽ പ്രശ്നപരിഹാരത്തിനായി തടയണ നവീകരിക്കാൻ പത്തുലക്ഷം രൂപ അനുവദിക്കാമെന്ന് ഉറപ്പ് നൽകി. എന്നാൽ നടപടിക്രമങ്ങൾ ഒന്നും ഉണ്ടായില്ല. തടയണ പൂർണമായി പൊളിച്ചാൽ ജലനിധി പദ്ധതിയെ ബാധിക്കാനിടയുണ്ട്. ഇതിനാൽ തടയണയുടെ അശാസ്ത്രീയത മാറ്റി പുനർനിർമ്മിക്കാനാണ് സാദ്ധ്യത.
''കഴിഞ്ഞ പ്രാവശ്യം അഞ്ച് തവണ വെള്ളം കയറി കൃശിനാശമുണ്ടായി. പറമ്പുകൾ മാലിന്യങ്ങളും ചെളിയും നിറഞ്ഞ് കൃഷിയിറക്കാൻ കഴിയാതെ വരും. വെള്ളം കെട്ടി നിന്ന് കൃഷികൾ പൂർണമായി നശിക്കും.
-പ്രദേശവാസികൾ