നഷ്ടപരിഹാരത്തിലെ കീറാമുട്ടികൾ
വന്യജീവി സംഘർഷം പോലെ രൂക്ഷമായ പ്രശ്നമാണ് സംഘർഷത്തിൽ ഇരകളാകുന്നവർക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തിലെ കുരുക്കുകളും. കടുവ, കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയ വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപയും, പരിക്കേൽക്കുന്നവർക്ക് 2.5 ലക്ഷം രൂപ വരെയുമാണ് നഷ്ടപരിഹാരം. പാമ്പ്, തേനീച്ച, കടന്നൽ എന്നിവ മൂലമുള്ള മരണത്തിന് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരമെന്നത് നാലു ലക്ഷമാക്കി വർദ്ധിപ്പിച്ചു.
വന്യജീവി ആക്രമണങ്ങളിൽ മരിക്കുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും സർക്കാർ അനുകൂലമായി പ്രതികരിച്ചിട്ടില്ല. 10 ലക്ഷം രൂപ വീതം കേന്ദ്രവും സംസ്ഥാനവും നൽകാൻ വ്യവസ്ഥയുണ്ടെന്നും, സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 4 ലക്ഷം രൂപയും ഉൾപ്പെടെ 24 ലക്ഷം രൂപയുടെ അർഹതയുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട കേസിൽ അമിക്കസ് ക്യൂറി അഡ്വ. എം.പി. മാധവൻകുട്ടി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. വനത്തിന് പുറത്തുവച്ച് പാമ്പുകടിയേറ്റ് മരിച്ചാൽ കേന്ദ്രത്തിന്റെ 10 ലക്ഷത്തിനു പുറമേ വനംവകുപ്പിന്റെ 2 ലക്ഷവും ദുരന്തനിവാരണ നിധിയിൽ നിന്നുള്ള 4 ലക്ഷവും അടക്കം 16 ലക്ഷം രൂപയ്ക്ക് അർഹതയുണ്ട്.
എന്നാൽ, കേന്ദ്രം നൽകുന്ന നഷ്ടപരിഹാരത്തെക്കുറിച്ച് വ്യക്തതയില്ലെന്നാണ് സംസ്ഥാന വനംവകുപ്പ് പറയുന്നത്. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ 2023 ഡിസംബർ 22-ലെ ഉത്തരവ് പ്രകാരമാണ് വനംവകുപ്പ് 10 ലക്ഷം നൽകുന്നതെന്നും ഇത് കേന്ദ്രാവിഷ്കൃത പദ്ധതികളായ പ്രോജക്ട് എലിഫന്റ് ആൻഡ് ടൈഗർ, ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഒഫ് വൈൽഡ് ലൈഫ് ഹാബിറ്റാറ്റ് എന്നീ പദ്ധതികളിൽ വകയിരുത്തുന്ന തുക കൂടി ഉൾപ്പെടുത്തിയാണ് നൽകുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ആശ്രിതർ ആര്?
തെളിയിക്കണം
വന്യജീവി ആക്രമണമുണ്ടായി മരണം സംഭവിച്ചാൽ അടിയന്തര സഹായമായി 5 ലക്ഷം രൂപ അനുവദിക്കും. ബാക്കിയുള്ളവ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെയും ഫോറസ്റ്റ് റേഞ്ച് ഓഫീസർ അടക്കമുള്ളവർ വന്യജീവി ആക്രമണമാണെന്ന് സ്ഥിരീകരിക്കുന്നതിന്റെയും അടിസ്ഥാനത്തിലാണ് ലഭിക്കുക. ആശ്രിതർ യഥാർത്ഥ അവകാശികളാണെന്നും ഒന്നിൽ കൂടുതൽ പങ്കാളികളോ അവരിൽ മക്കളോ ഇല്ലെന്ന് തെളിയിക്കുകയും ചെയ്യണം. ഇക്കാര്യങ്ങളിൽ വലിയ നൂലാമാലകളുണ്ടെന്നാണ് ഇരകളാകുന്നവർ പറയുന്നത്.
വനാതിർത്തിയിലും ഉള്ളിലുമായി താമസിക്കുന്നവരാണ് വന്യജീവി ആക്രമണങ്ങളിൽ ഇരകളാകുന്നവർ കൂടുതലും. അതിൽ കൂടുതലും ആദിവാസികളും സാമ്പത്തികമായി വളരെ പിന്നാക്ക അവസ്ഥയിലുമുള്ളവരുമാണ്. ആശ്രിതർ യഥാർത്ഥ അവകാശികളാണെന്ന് തെളിയിക്കുന്ന രേഖകളൊന്നും ഇവരിൽ പലർക്കുമില്ല. കൂടാതെ, ഒന്നിലധികം പങ്കാളികളുള്ളവരുമുണ്ട്. ഇതോടെ, ആദ്യത്തെ അടിയന്തര സഹായമൊഴിച്ച് ബാക്കിയുള്ള നഷ്ടപരിഹാര സാദ്ധ്യത ചുവപ്പുനാടയിൽ കുരുങ്ങും. മരണമടയുന്നവർക്കുള്ള സഹായത്തിന് വലിയ മുടക്കങ്ങൾ ഉണ്ടാകില്ലെങ്കിലും പരിക്ക്, കൃഷിനാശം തുടങ്ങിയവയ്ക്കുള്ള സഹായം ലഭ്യമാകുന്നത് ബാലികേറാ മലയാണെന്ന് മലയോര കർഷകർ പറയുന്നു.
അതിർത്തിയെ
ചൊല്ലി തർക്കം
നഷ്ടപരിഹാരം അനുവദിക്കുന്നതിന്, വന്യജീവി ആക്രമണമുണ്ടായത് വനത്തിനുള്ളിലോ, അതിനു പുറത്തോ എന്നതു സംബന്ധിച്ച് ഒരു മാനദണ്ഡം വനംവകുപ്പ് ഏർപ്പെടുത്തിയിരുന്നെങ്കിലും അടുത്തിടെ അത് നീക്കം ചെയ്തു. വന്യജീവി സംഘർഷം സംസ്ഥാനത്തിന്റെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിട്ടിയാണ് ഈ കാടൻ നിബന്ധന നീക്കം ചെയ്തത്. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതാണെങ്കിലും അത് വനത്തിനുള്ളിൽ വച്ചാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം മുടക്കുകയാണ് നേരത്തെ ചെയ്തിരുന്നത്. ഇതിനെതിരെ വ്യാപകമായി പരാതി ഉയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇടപെട്ട് ഈ നിബന്ധന നീക്കംചെയ്തത്. മരണകാരണമായ ആക്രമണം വനത്തിനുള്ളിൽവച്ചാണോ പുറത്തുവച്ചാണോ എന്നത് കണക്കിലെടുക്കാതെ നഷ്ടപരിഹാരം നൽകണമെന്ന് പുതിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
കൃഷിനാശം
എന്ന ശാപം
കൃഷിനാശത്തിലുള്ള നഷ്ടപരിഹാരത്തിൽ കഴിഞ്ഞ പത്തു വർഷത്തിലേറെയായി വലിയ മാറ്റങ്ങളൊന്നും കൊണ്ടുവന്നിട്ടില്ല. മഴവെള്ളം ലഭിക്കുന്ന പ്രദേശങ്ങളിൽ ഒരു ഹെക്ടറിന് 8500 രൂപയും (പരമാവധി ഒരു ലക്ഷം രൂപ വരെ) ജലസേചനത്തെ ആശ്രയിച്ചുള്ള സ്ഥലങ്ങളിൽ ഹെക്ടറിന് 17,000 രൂപയും നിത്യഹരിത വിളകൾക്ക് 22,000 രൂപയുമാണ് നഷ്ടപരിഹാരം. കൃഷിവകുപ്പ് എയിംസ് പോർട്ടലിൽ നൽകുന്ന പ്രകൃതിദുരന്ത വിളനാശ നിരക്കുകൾ അടിസ്ഥാനമാക്കിയാണ് നഷ്ടം കണക്കാക്കുന്നത്.
ഇത് 2015-ൽ ഏർപ്പെടുത്തിയ നിരക്കാണെന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്. അത്യുത്പാദന ശേഷിയുള്ള വിത്തും വളവും വലിയ വില കൊടുത്ത് വാങ്ങുമ്പോൾ തുച്ഛമായ നഷ്ടപരിഹാരം മാത്രമാണ് വന്യജീവി ആക്രമണത്തിൽ ലഭിക്കുന്നത്. ഇതുമൂലം വനമേഖലയിൽ കൃഷി ചെയ്യുന്നത് ഉപേക്ഷിക്കുന്നവരുടെ എണ്ണം ഗണ്യമായി കൂടിയിട്ടുണ്ട്. നെല്ല്, പച്ചക്കറി, വാഴ എന്നിവ വ്യാപകമായി കൃഷി ചെയ്തിരുന്നവരാണ് അത് ഉപേക്ഷിക്കുന്നത്.
വന്യമൃഗങ്ങൾ വ്യാപകമായി കൃഷി നശിപ്പിച്ചതോടെയാണ് വനാതിർത്തികളിൽ മിക്കവരും ഇപ്പോൾ പൈനാപ്പിൾ കൃഷിയിലേക്ക് കടന്നതെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. വനാതിർത്തികളിൽ പൈനാപ്പിളും ചക്കയുമൊക്കെ ലഭിക്കുന്നതുകൊണ്ടാണ് കാട്ടാന ജനവാസ മേഖലയിൽ നിന്ന് മാറാത്തതെന്ന് വനംവകുപ്പ് പറയുന്നതിനിടെയാണ് വിരുദ്ധമായ നീക്കം. കാട്ടാന പൈനാപ്പിളെടുക്കാൻ എത്തുമെങ്കിലും കൃഷി നശിപ്പിക്കാറില്ല. എന്നാൽ, നെല്ല്, വാഴ, കരിമ്പ് തുടങ്ങിയവയാണ് കൃഷിയെങ്കിൽ ആന വ്യാപകമായി നാശനഷ്ടമുണ്ടാക്കും. കോടിക്കണക്കിന് രൂപ കടമുണ്ടാക്കുന്നതിനേക്കാൾ ചെറിയ നഷ്ടങ്ങളാണ് ഭേദമെന്നും നാട്ടുകാർ പറയുന്നു.
നഷ്ടപരിഹാര കണക്കുകൾ
വന്യജീവി ആക്രമണത്തിലുള്ള മരണം: 10 ലക്ഷം
പാമ്പ്, കടന്നൽ, തേനീച്ച ആക്രമണത്തിലെ മരണം: 4 ലക്ഷം
പരിക്ക് 60 ശതമാനം വരെ: 2 ലക്ഷം
പരിക്ക് 60 ശതമാനത്തിൽ അധികം: 2.5 ലക്ഷം
ഒരാഴ്ചയിൽ കൂടുതൽ ആശുപത്രിവാസം: 16,000 മുതൽ 1 ലക്ഷം വരെ
ഒരാഴ്ചയിൽ കുറഞ്ഞ ആശുപത്രിവാസം: 5400 മുതൽ 1 ലക്ഷം വരെ
കറവയുള്ള എരുമ, പശു എന്നിവ നഷ്ടമായാൽ: 37,500 മുതൽ 1,12,500 വരെ
ആട്, പന്നി എന്നിവ നഷ്ടമായാൽ: 4000 മുതൽ 1,20,000 രൂപ വരെ
(നാളെ: വന്യജീവികൾ കാടിറങ്ങുന്നതെന്ത്?)