വിരിപ്പ് കൃഷിയും വെള്ളത്തിൽ
കോട്ടയം : പ്രതിസന്ധികളിൽ മുങ്ങിത്താഴ്‌ന്ന നെൽകർഷകർക്ക് ഇരുട്ടടിയായി കനത്തമഴയും. നേരത്തേ പുഞ്ചക്കൃഷി കൊയ്തുതീരും മുമ്പ് എത്തിയ മഴയിൽ നെല്ല് നശിച്ചിരുന്നു. നനഞ്ഞ നെല്ലിന് കൂടുതൽ കിഴിവ് മില്ലുടമകൾ രംഗത്തെത്തിയതോടെ കൃഷി നഷ്ടത്തിലായി. വിരിപ്പ് കൃഷിയിൽ ആ നഷ്ടം നികത്താമെന്നു കരുതിയ കർഷകർക്കാണ് കാലവർഷം വൻപ്രഹരമായത്. 4000 ഹെക്ടർ സ്ഥലത്താണ് ഒന്നാം കൃഷി. കൊയ്‌ത്ത് പൂർത്തിയായ പാടങ്ങളിൽ ഞാറുനട്ടത് വെള്ളത്തിൽ നശിച്ചു. ഇനി വെള്ളം വറ്റിച്ച് നിലം കൃഷിയ്ക്ക് ഒരുക്കണം. പുറം ബണ്ട് ബലപ്പെടുത്തും മുൻപ് വെള്ളമെത്തിയതോടെ ബണ്ട് പൊട്ടി വെള്ളം കയറി. മരങ്ങൾ വീണ് വൈദ്യുതി തടസവും രൂക്ഷമായതോടെ വെള്ളം വറ്റിക്കലും വൈകും. നിലമൊരുക്കിയ പാടങ്ങളിൽ വിതച്ചാൽ വിത്തു ചെളിയിൽ താഴ്ന്നു നശിക്കും. മഴ തീരും വരെ കാത്തിരിക്കേണ്ട സ്ഥിതിയാണിപ്പോൾ. കുമരകം,തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര, നീണ്ടൂർ, പഞ്ചായത്തുകളിലായി മോട്ടോർ സ്ഥാപിക്കൽ, പുറം ബണ്ട് ബലപ്പെടുത്തൽ, ഉഴവ് തുടങ്ങി പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.
നെൽവിത്തിനും ക്ഷാമം
നെൽവിത്തു നൽകുന്ന കർണാടക സീഡ്സ് കോർപ്പറേഷൻ വിത്തിന് വില കൂട്ടി. നാഷണൽ സീഡ്സ് കോർപ്പറേഷൻ വിത്ത് നൽകില്ലെന്ന നിലപാടിലാണ്. കർണാടക നെൽവിത്തിന് ഒരു വർഷം മുമ്പ് പണം അടയ്ക്കണം. കിലോയ്ക്ക് 45 രൂപയായിരുന്നത് 50 ആക്കി. കൂട്ടിയ അഞ്ചു രൂപയിൽ പകുതി നൽകാമെന്ന് കർഷകർ സമ്മതിച്ചെങ്കിലും ബാക്കി പകുതി നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് പഞ്ചായത്ത്.
ഇനി ഒന്നേന്ന് തുടങ്ങണം
കള പറിച്ചും പൊടിയും ചെളിയും അടിച്ച് ഒരുക്കിയ പാടങ്ങളിൽ ഇനി വെള്ളം പറ്റിച്ച് പ്രാരംഭ നടപടികൾ തുടങ്ങണം. വിതയ്ക്കുന്നതിന് മുമ്പ് നിലമൊരുക്കുന്നതിന് ഒരേക്കറിന് 5000 രൂപ വരെ ചെലവാകും. വിതച്ചു രണ്ടു തവണ വളമിടുന്നതിനും ഞാറ് പറിച്ച് മാറ്റിവയ്ക്കുന്നതിനും 10000 രൂപ വരെ ചെലവാകും. 40 ദിവസം പ്രായമെത്തിയാലേ ഇൻഷ്വറൻസ് തുക ലഭിക്കൂ എന്നതിനാൽ ഇതുവരെ ചെലവാക്കിയ പണം കർഷകർക്ക് നഷ്ടമായി.
വിത്തു വിതച്ചതും കൃഷിക്ക് ഒരുക്കിയതുമായ നിലങ്ങൾ വെള്ളത്തിലായതോടെ അധിക ചെലവ് കർഷകർ തന്നെ വഹിക്കണം. വിത്തുക്ഷാമം മറ്റൊരു പ്രതിസന്ധിയാണ്.
രാമകൃഷ്ണൻ (നെൽ കർഷകൻ )