കാലവർഷം നൽകി ഫുൾ എ പ്ലസ് ദുരന്തം
ഇടമറുക് : പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് മധുരം നുകർന്ന് ദിവസങ്ങൾക്കുള്ളിൽ വീശിയടിച്ചെത്തിയ ദുരന്തത്തിൽ പകച്ച് നിൽക്കുകയാണ് മിഥുൻ മനോജ്. മേലുകാവ് ഇടമറുക് കൈലാസം ഒൻപതാം വാർഡിൽ തെങ്ങും തോട്ടത്തിൽ ധന്യയുടെ വീടാണ് കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ കനത്ത മഴയിലും കാറ്റിലും മേൽക്കൂരയും ഭിത്തിയും തകർന്ന് ഇടിഞ്ഞു വീണത്. ധന്യയുടെ ഭർത്താവ് മനോജ് മൂന്ന് വർഷം മുൻപ് മരിച്ചിരുന്നു. മിഥുനെ കൂടാതെ അനിയത്തി എട്ടാംക്ലാസുകാരി മന്യയും മാതാവും ഈ സമയം വീട്ടിലുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. കുടുംബ സ്വത്ത് സ്വന്തം പേരിൽ അല്ലാതിരുന്നതിനാൽ ലൈഫ് പദ്ധതിയിൽ ഇവരുടെ പേര് ഉൾപ്പെട്ടിരുന്നില്ല. പിന്നീട് ഏറെ ക്ലേശപ്പെട്ട് ഈ വീട് സ്വന്തം പേരിൽ ചേർത്തു കഴിഞ്ഞ് ചുരുങ്ങിയ ദിവസത്തിനുള്ളിൽ ആണ് സംഭവം. സാമ്പത്തികമായി ഏറെ പിന്നാക്കാവസ്ഥയിൽ കഴിയുന്ന ധന്യയ്ക്കും മക്കൾക്കും ആശ്രയമായിരുന്ന ഈ വീട് നഷ്ടപ്പെട്ടതോടെ തുടർവിദ്യാഭ്യാസമടക്കം പ്രതിസന്ധിയിലായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസ്, പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി ജോസഫ്, മെമ്പർ അഖില മോഹൻ, ഭരണങ്ങാനം വില്ലേജ് ഓഫീസർ ഡെന്നി എന്നിവർ സന്ദർശിച്ചു.