ഐക്യ സന്ദേശമുയർത്തി ഹജ്ജ്ക്യാമ്പ് സമാപിച്ചു

Wednesday 28 May 2025 8:57 PM IST

മട്ടന്നൂർ: ഐക്യ സന്ദേശം ഉയർത്തിയ ഹജ്ജ് ക്യാമ്പിന് സമാപനം. മത രാഷ്ട്രീയ കക്ഷി ഭേദമന്യേ നേതാക്കളും പ്രവർത്തകരും ഒരുമിച്ച വലിയ ജനപങ്കാളിത്തം ശ്രദ്ധേയമാക്കിയാണ് 20 ദിവസമായി നടന്നുവന്ന ക്യാമ്പ് സമാപിച്ചത്. ഏറെ പുതുമ നിറഞ്ഞ ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച കണ്ണൂരിലെ ഹജ്ജ് ക്യാമ്പ് ഈ മാസം 10 നാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സിൽ തുടങ്ങിയത്. വ്യാഴാഴ്ച പുലർച്ചെയുള്ള ഹജ്ജ് വിമാനത്തിലെ യാത്രികരെ ഇന്നലെ രാത്രി ഒമ്പത് മണിയോടെ വിമാനത്താവളത്തിലേക്ക് യാത്രയാക്കിയതോടെയാണ് ഹജ്ജ് ക്യാമ്പ് സമാപിച്ചത്.28 വിമാനങ്ങളിലായി 4757 യാത്രക്കാരാണ് കണ്ണൂരിൽനിന്ന് ഹജ്ജ് കർമ്മത്തിനായി ഇത്തവണ യാത്ര തിരിച്ചത്.കണ്ണൂർ വിമാനത്താവളത്തിനുവേണ്ടി നിർമിച്ച കാർഗോ കോംപ്ലക്സിലായിരുന്നു ക്യാമ്പ് പ്രവർത്തിച്ചത്. ഇത്തവണ ഏറെ ആശങ്കക്ക് ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക താൽപര്യമെടുത്ത് ഇടപെട്ടതോടെയാണ് കാർഗോ കോംപ്ലക്സ് ഹജ്ജ് ക്യാമ്പിനായി അനുവദിച്ചു കിട്ടിയത്.