വേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കാൻ ദിവസങ്ങൾ; ശുചീകരണം മുടക്കി മഴ

Wednesday 28 May 2025 9:40 PM IST

കണ്ണൂർ:മഴ വില്ലനായതോടെ സ്കൂളുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ അവതാളത്തിലായി.കഴിഞ്ഞ ശനിയാഴ്ച്ച മുതൽ തുടർച്ചയായി മഴ പെയ്തു കൊണ്ടിരിക്കുന്നതിനാൽ സ്കൂളുകളിലൊന്നും ശുചീകരണം പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. അദ്ധ്യയനം ആരംഭിക്കാൻ നാലുദിവസം മാത്രം ബാക്കി നിൽക്കെ മഴ തുടർന്നാൽ എന്തുചെയ്യണമെന്ന അങ്കലാപ്പിലാണ് സ്കൂൾ അധികൃതർ.

സ്കൂളുകളിൽ സുരക്ഷിതത്വത്തിന് മുൻതൂക്കം നൽകി ശുചീകരണം, മാലിന്യ നിർമ്മാർജനം, അടിസ്ഥാന സൗകര്യവികസനം എന്നിവ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് കർശന നിർദേശം നൽകിയിട്ടുണ്ട്.ഇവയെല്ലാം കൃത്യമാണെന്ന് അറിയുന്നതിനായി വിവിധ പരിശോധനകളും സ്കൂളുകളിൽ നടത്തുന്നുണ്ട്. ക്ലാസ് മുറികൾ, ശുചിമുറികൾ, കളിസ്ഥലങ്ങൾ എന്നിവയടക്കം വൃത്തി ഉറപ്പ് വരുത്തണമെന്നാണ് സ്കൂളുകൾക്ക് വിദ്യാഭ്യാസവകുപ്പ് നൽകിയ നിർദ്ദേശം. സാധാരണ സ്കൂൾ തുറക്കുന്നതിന് ഒരാഴ്ച്ച മുൻപാണ് സ്കൂളുകളിൽ ശുചീകരണപ്രവൃത്തികൾ നടക്കാറ്.എന്നാൽ പതിവ് വിട്ട് ഇക്കുറി കോരിച്ചൊരിയുന്ന മഴ സ്കൂൾ അധികൃതരുടെ കണക്കുകൂട്ടൽ പൂർണമായി തെറ്റിച്ചു. മഴ കുറയുന്നത് നോക്കി ബാക്കി ദിവസങ്ങളിൽ ശുചീകരണം വേഗത്തിലാക്കാനാണ് സ്കൂൾ അധികൃതരുടെ തീരുമാനം.

എല്ലായിടത്തും ഒരു കണ്ണു വേണം

കിണർ, വാട്ടർ ടാങ്ക് ,അടുക്കള അണുമുക്തമാക്കണം

 ഇഴജന്തുക്കളുടെ സാന്നിദ്ധ്യം ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തണം

ക്ലാസ് മുറികളിലോ പുറത്തോ മാളങ്ങളോ,കുഴികളോ ഇല്ലാതിരിക്കാൻ സൂക്ഷിക്കണം

.സ്‌കൂൾ പരിസരത്ത് അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റണം

 അപകടകരമായി വൈദ്യുതി ലൈൻ ഉണ്ടെങ്കിൽ നടപടിയെടുക്കണം

പാചകത്തിൽ അതീവ ശ്രദ്ധ വേണം

സ്‌കൂൾ ഭക്ഷണത്തിൽ അതീവശ്രദ്ധ നൽകണമെന്നാണ് സുപ്രധാനമായ മറ്റൊരു നിർദ്ദേശം. ഇത് പരിശോധിക്കാൻ ഭക്ഷ്യസുരക്ഷാവകുപ്പിനെ ഏർപ്പാടാക്കിയിരിക്കുകയാണ്. പാചകം ചെയ്യുന്ന സ്ഥലം, പാചകത്തിനുപയോഗിക്കുന്ന വെള്ളം, ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥലം, പാചകത്തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ഉണ്ടോ എന്നിവ ഉദ്യോഗസ്ഥസംഘം പരിശോധിക്കും. മുൻ വർഷങ്ങളിൽ പല സ്‌കൂളുകളിലും ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കാനുള്ള സ്റ്റോറുകൾ ഇല്ലാത്തത് അധികൃതർ ഗൗരവമായി കണ്ടിരുന്നു. ഇത്തവണ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ എല്ലാ സ്‌കൂളുകൾക്കും നിർദേശം നൽകിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു.