സംസ്ഥാനത്ത് കൂടിയ മഴ കണ്ണൂരിൽ
കണ്ണൂർ: ചക്രവാതച്ചുഴിയും കാലവർഷവും ഒരുമിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂർ ജില്ലയിൽ. കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മാർച്ച് ഒന്നുമുതൽ മേയ് 27 വരെയുള്ള വർഷപാത കണക്കിലാണ് ( രണ്ടുമാസം 27 ദിവസം) കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടുതൽ മഴ പെയ്തതായി കാണിക്കുന്നത്.
മേയ് 29,30 തീയതികളിൽ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അതിതീവ്രമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലീമീറ്ററിയിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ ജില്ലയിൽ പെയ്യുന്ന മഴയുടെ അളവിൽ വലിയ വർദ്ധനവ് ഇനിയും ഉണ്ടായേക്കും.
കണ്ണൂർ ജില്ലയിൽ
സാധാരണ വർഷപാതം 208.8 മില്ലിമീറ്റർ
ഈ വർഷം ഇതുവരെ മാത്രം 774.5 മില്ലിമീറ്റർ
വർഷപാത ശതമാന വ്യതിയാനം 271.
ജില്ലയിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ റെഡ് അലർട്ട്
കണ്ണൂർ ജില്ലയിൽ ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കുന്ന അതിതീവ്രമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.