സ്കൂൾ പ്രവേശനോത്സവം : വർണ്ണച്ചിത്രങ്ങൾ നിറഞ്ഞ് കലവൂർ ഗവ.എച്ച്.എസ്.എസ്

Thursday 29 May 2025 12:49 AM IST

ആലപ്പുഴ: സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന് വേദിയാകുന്ന കലവൂർ ഗവ.എച്ച്.എസ്.എസിലും പരിസരങ്ങളിലും വർണ്ണച്ചിത്രങ്ങൾ നിറഞ്ഞു.

മതിലുകളിലും സ്റ്റേജിലുമെല്ലാം ചിത്രങ്ങൾ വരയ്ക്കാനായി ബ്രഷ് ചലിപ്പിക്കുന്നത് കുഞ്ഞു കൈകളാണ്. അമ്പതിലധികം വിദ്യാ

ത്ഥികളാണ് ചിത്രങ്ങളൊരുക്കാൻ കഴിഞ്ഞ നാലു ദിവസമായി കലവൂരിൽ കേന്ദ്രീകരിച്ചിട്ടുള്ളത്.

പ്രവേശനോത്സവത്തിന്റെ ഭാഗമായ സ്ട്രീറ്റ് ആർട്ട് പരിപാടിയിലൂടെയാണ് വ‌ർണ്ണച്ചിത്രരചന. ജില്ലാപഞ്ചായത്ത് ആർട്ട് അക്കാ‌ഡമിയുടെ നേതൃത്വത്തിൽ നടക്കുന്ന കലയിടം ദൃശ്യകല പരിശീലന പരിപാടിയിലെ വിദ്യാർത്ഥികളും പരിശീലകരുമാണ് പിന്നിൽ പ്രവർത്തിക്കുന്നത്. ആർട്ടിസ്റ്റുകളായ ബിന്ദി രാജഗോപാൽ, അമീൻ ഖലീൽ, സുരാജ് രവീന്ദ്രൻ, ടി.ബി.ഉദയൻ, ഹുസൈൻ മാഷ്, രഘുനാഥ് തുടങ്ങിവരാണ് നേതൃത്വം നൽകുന്നത്. യുവചിത്രകാരന്മാരായ അഖിൽ അശോക്, സെൽമാൻ ഫസൽ എന്നിവരാണ് വാൾ ആർട്ട് ചെയ്യുന്നത്. സ്‌കൂൾപരിസരം കൂടാതെ കലവൂരിലെ പ്രധാന കേന്ദ്രങ്ങളും വർണ്ണച്ചിത്രങ്ങളാൽ നിറയ്ക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം ആർ.റിയാസ് പറഞ്ഞു.

പൂർവ അദ്ധ്യാപകർക്ക് സ്നേഹാദരവ് ഇന്ന് സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് പ്രവേശനോത്സവ വേദിയായ കലവൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ പൂർവ അദ്ധ്യാപകർക്ക് സ്നേഹാദരം നൽകും. എൽ.പി മുതൽ ഹയർ സെക്കൻഡറി വരെയുള്ള 200 അദ്ധ്യാപകർ പങ്കെടുക്കും. മുൻ മന്ത്രി സി.രവീന്ദ്രനാഥ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി തുടങ്ങിയവർ പങ്കെടുക്കും.പൂർവ്വ അദ്ധ്യാപകരെ കൂടാതെ കലവൂർ സ്കൂളിലെ നിലവിലുള്ള അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥി പ്രതിനിധികളും പങ്കെടുക്കും.