പന്നായി പാലത്തിൽ ബാരിക്കേഡ് ഉയർന്നു

Thursday 29 May 2025 12:51 AM IST

മാന്നാർ : മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരെ നടപടി കൈക്കൊള്ളണമെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിൽ പന്നായി പാലത്തിന്റെ കൈവരികളിൽ ബാരിക്കേഡ് ഉയർന്നു. 120മീറ്റർ നീളമുള്ള പാലത്തിന്റെ കൈവരികളിലും 29 മീറ്റർ സമീപനപാതയുടെ ഇരുവശത്തുമായി 2മീറ്റർ ഉയരത്തിലാണ് ബാരിക്കേഡ് സ്ഥാപിച്ചത്. പൊതുമരാമത്ത് ബ്രിഡ്ജ് വിഭാഗത്തിന്റെ കീഴിൽ നവംബർ മാസത്തിലായിരുന്നു നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 25 ലക്ഷം രൂപയ്ക്കാണ് കരാർ നൽകിയത്. ഇരുമ്പിൽ നിർമ്മിച്ച ഫ്രെയിം സ്ഥാപിച്ച് പി.വി.സി പൂശിയ ജി.ഐ നെറ്റ് അതിനുള്ളിൽ പിടിപ്പിച്ചതോടെ സുരക്ഷയോടൊപ്പം ഹരിത ശോഭയിൽ പന്നായി പാലത്തിന്റെ മനോഹാരിതയുമേറി.

മാന്നാർ - തിരുവല്ല സംസ്ഥാനപാതയിൽ ആലപ്പുഴ,പത്തനംതിട്ട ജില്ലകളുടെ അതിർത്തി പങ്കിട്ടൊഴുകുന്ന പമ്പാനദിക്ക് കുറുകെയുള്ളതാണ് പന്നായി പാലം.

ആത്മഹത്യയ്ക്കും പരിഹാരം

 പാലത്തിന്റെ ഉയരംകുറഞ്ഞ കൈവരികളും പമ്പയാറിന്റെ ഈ ഭാഗത്തെഒഴുക്കും ആഴവും കാരണം പലരും ആത്മഹത്യ ചെയ്യാൻ പന്നായി പാലം തിരഞ്ഞെടുത്തിരുന്നു

 കൈവരിയുടെ മുകളിൽ കയറാതെ തന്നെ ചാടാൻ കഴിയുമെന്നുള്ളതാണ് ജീവനൊടുക്കാനെത്തുന്നവർ ഈ പാലം തിരഞ്ഞെടുത്തതിന് പിന്നിൽ

 പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടി ആത്മഹത്യചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചതിനെത്തുടർന്ന് കൈവരികൾക്ക് ഉയരം കൂട്ടണമെന്ന് അഭിപ്രായം ഉയർന്നിരുന്നു

 രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തി പാലത്തിൽ നിന്ന് ആറ്റിലേക്ക് മാലിന്യം വലിച്ചെറിയുന്നതും പതിവായിരുന്നു

 മാലിന്യങ്ങൾ നിക്ഷേപത്തിനെതിരെ നടപടി കൈക്കൊള്ളണമെന്ന ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവും കൈവരികളിൽ ബാരിക്കേഡ് ഉയർത്താൻ കാരണമായി.