കണ്ടെയ്നർ അടിഞ്ഞ തീരത്ത് ഡോൾഫിന്റെ ജഡം കണ്ടെത്തി
ആലപ്പുഴ: ആറാട്ടുപുഴ കടൽത്തീരത്ത് കണ്ടെയ്നറുകൾ അടിഞ്ഞ ഭാഗത്ത് ഡോൾഫിന്റെ ജഡമടിഞ്ഞു. ഓഷ്യൻ സൊസൈറ്റി ഒഫ് ഇന്ത്യ ജൂൺ എട്ടിന് രാജ്യമൊട്ടാകെ നടത്തുന്ന ബീച്ച് ശുചീകരണത്തിന് മുന്നോടിയായി ഇന്നലെ രാവിലെ ആറാട്ടുപുഴ വലിയഴീക്കൽ തീരം പരിശോധിക്കാനെത്തിയ നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജ് സുവോളജി വിഭാഗം മേധാവി ഡോ.എസ്.ഷീലയാണ് കണ്ടെയ്നർ അടിഞ്ഞ പ്രദേശത്തിന് ഇരുന്നൂറ് മീറ്റർ തെക്ക് അഴീക്കോടൻ നഗറിനു സമീപം ഡോൾഫിന്റെ ജഡം കണ്ടെത്തിയത്. പ്രദേശമാകെ പ്ലാസ്റ്റിക് പെല്ലറ്റുകളും തീരത്തടിഞ്ഞിരുന്നു. അറബിക്കടലിൽ മുങ്ങിയ ചരക്ക് കപ്പലിൽ നിന്നുള്ള രാസമാലിന്യങ്ങൾ മൂലമാണോ ഡോൾഫിൻ ചത്തതെന്ന സംശയത്തെ തുടർന്ന് ഫോറസ്റ്റ്, ഫോറൻസിക് സംഘങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്ന് കണ്ടെത്തി.
തീരത്തടിഞ്ഞ കണ്ടെയ്നറിലെ ബോക്സുകളിൽ നിന്ന് പുറത്ത് വന്ന പഞ്ഞി സിന്തറ്റിക്കാണെങ്കിൽ ധാരാളം മത്സ്യങ്ങൾ ചത്തുപൊങ്ങാനുള്ള സാധ്യതയുണ്ടെന്ന് കേരള സമുദ്ര മത്സ്യ പഠന സർവകലാശാല റിസർച്ച് വിഭാഗം ഡയറക്ടർ ഡോ.കെ.വി.ജയചന്ദ്രൻ പറഞ്ഞു.