അപകടത്തിലായ മട്ടലായി, വീരമല കുന്നുകൾ സന്ദർശിച്ച് എൻ.ഡി.ആർ.എഫ് സംഘം

Wednesday 28 May 2025 10:21 PM IST

കാസർകോട്: കനത്ത മഴയെ തുടർന്ന് അപകടാവസ്ഥയിലായ ദേശീയപാതയോരത്തെയും സമീപത്തെയും കുന്നുകളിൽ എൻ.ഡി.ആർ.എഫ് സംഘമെത്തി. ചെറുവത്തൂർ വീരമലകുന്ന്, മട്ടലായി, നീലേശ്വരം നഗരസഭയിലെ ചാത്തമത്ത് പൊടോത്തുരുത്തി മയിച്ച, പാലായി, തുടങ്ങിയ സ്ഥലങ്ങളിലാണ് എൻ.ഡി.ആർ.എഫ് സംഘം സന്ദർശനം നടത്തിയത്.

എൻ.ഡി.ആർ.എഫ് ചെന്നൈ ആർക്കോണം നാലാം യൂണിറ്റിലെ ടീം കമാൻഡർ അർജുൻ പാൽ രജപുത്, എസ്.ഐ വികാസ് യാദവ് എന്നിവരുടെ നേതൃത്വത്തിലുള്ള 26 അംഗസംഘമാണ് പരിശോധന നടത്തിയത്. ഹോസ്ദുർഗ് തഹസിൽദാർ ടി.ജയപ്രസാദ്, കാസർകോട് സോയൽ സർവ്വേ അസിസ്റ്റന്റ് ഡയറക്ടർ പി.വി പ്രമോദ്, ജിയോളജിസ്റ്റ് എസ്. സൂരജ്, ചന്തേര പോലീസ് ഇൻസ്‌പെക്ടർ കെ. പ്രശാന്ത്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി തഹസിൽദാർ പി.വി തുളസിരാജ്, എന്നിവരും കൂടെയുണ്ടായിരുന്നു. നീലേശ്വരം നഗരസഭാ പരിധിയിലെ സന്ദർശനത്തിൽ ചെയർപേഴ്സൺ ടി.വി ശാന്ത, കൗൺസിലർ പി.പി ലത, ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ സന്ദർശനത്തിൽ പ്രസിഡണ്ട് സി.വി പ്രമീള, വൈസ് പ്രസിഡന്റ് പി. വി രാഘവൻ, സെക്രട്ടറി വനജ തുടങ്ങിയവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

മട്ടലായി കുന്നിലെ പൊട്ടലുകൾ ബേബി ജില്ലിയിട്ട് അടച്ചു

അന്യസംസ്ഥാന തൊഴിലാളിയുടെ മരണത്തിന് ഇടയാക്കിയ ദേശീയപാതയോട് ചേർന്നുള്ള മട്ടലായി കുന്നിന്റെ ഇടിഞ്ഞ ഭാഗങ്ങളിൽ ബേബി ജില്ലി വിതറി കരാർ കമ്പനിയായ മേഘ കൺസ്ട്രക്ഷൻ. ദേശീയപാതക്കായി മണ്ണെടുത്ത കുന്നിന്റെ അടിയിൽ വീണ്ടും കനത്ത മണ്ണിടിച്ചൽ ഉണ്ടായതോടെയാണിത്. അടിഭാഗത്തുള്ള ചേടി കലർന്ന മണ്ണ് അടിയൊഴുക്കിൽ റോഡിലേക്ക് തള്ളിവരികയായിരുന്നു. സംരക്ഷണ ഭിത്തിയുടെ മുകളിൽ സോയിൽ നെയിലിംഗം നടത്തിയതിന്റെ അടിഭാഗമാണ് റോഡിലേക്ക് ഇടിഞ്ഞുവന്നത്.

വീരമലയോട് ചേർന്ന് കനത്ത മഴയത്തും ടാറിംഗ്

വീരമലയിൽ ദുരന്തനിവാരണ അതോറിറ്റിക്ക് നൽകിയ വാക്കുപാലിക്കാൻ കനത്ത മഴയിലായിരുന്നു ഇന്നലെ ടാറിംഗ് നടന്നത്. കോരിച്ചൊരിയുന്ന മഴയത്ത് ടാറിംഗ് ഒലിച്ചു പോകുന്ന സ്ഥിതിയായിരുന്നു. ദേശീയപാതയുടെ പടിഞ്ഞാറുഭാഗത്ത് ശനിയാഴ്ച റോഡ് പണി പൂർത്തിയാക്കുമെന്നാണ് ജില്ലാതല അവലോകന യോഗത്തിൽ കമ്പനി നൽകിയ ഉറപ്പ്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ഈ ഭാഗത്ത് നിർമ്മാണം പൂർത്തിയാക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് ജില്ലിയും ടാറും കൂട്ടികുഴച്ചു മഴയത്ത് റോഡിൽ നിരത്തിയത്.