ഗ്രാമങ്ങളിൽ അറുതിയില്ലാതെ തെരുവുനായ ആക്രമണം

Thursday 29 May 2025 1:13 AM IST

മലയിൻകീഴ്: മാറനല്ലൂർ,മലയിൻകീഴ്,വിളപ്പിൽ,വിളവൂർക്കൽ എന്നീ പഞ്ചായത്തുകളിൽ തെരുവുനായ്ക്കളുടെ ആക്രമണം കാരണം ജനങ്ങൾക്ക് വഴിനടക്കാൻ കഴിയാത്ത അവസ്ഥ. പ്രശ്നത്തിന് പരിഹാരം തേടിയുള്ള അധികൃതരുടെ ശ്രമങ്ങൾ കടലാസിൽ ഒതുങ്ങുന്നതായും പരാതിയുണ്ട്. ആളൊഴിഞ്ഞ കടത്തിണ്ണയിലും പൊതുസ്ഥലത്തും തമ്പടിച്ചിരിക്കുന്ന തെരുവുനായ്ക്കൾ ഏതുസമയത്തും വഴിയാത്രക്കാർക്കുമേൽ ചാടിവീഴുന്ന അവസ്ഥ. പഞ്ചായത്ത് ഓഫീസ്,പൊതുമാർക്കറ്റ്,ബസ് സ്റ്റാൻഡ് സ്കൂൾ ഗേറ്റ് തുടങ്ങി എവിടെയും നായ്ക്കളാണ്. കഴിഞ്ഞ ദിവസം ഊരൂട്ടമ്പലം-മലയിൻകീഴ് റോഡിൽ ബൈക്ക് യാത്രികനെ തെരുവുനായ കടിച്ച് പരിക്കേല്പിച്ചതാണ് ഒടുവിലത്തെ സംഭവം. ഇവിടുത്തെ മാലിന്യ നിക്ഷേപമാണ് നായ്ക്കൾ പെരുകാൻ കാരണമെന്നും പരാതിയുണ്ട്.

 പ്രധാന താവളങ്ങൾ

മലയിൻകീഴ് താലൂക്ക് ആശുപത്രി,മലയിൻകീഴ് ഊറ്റുപാറ,ഗേൾസ് ഹയ‌ർ സെക്കൻഡറി സ്കൂൾ ഗേറ്റ്,ശ്രീകൃഷ്ണപുരം,മഞ്ചാട്,വിയന്നൂർക്കാവ്,ശാന്തുമൂല,കരിപ്പൂര്,പാലോട്ടുവിള,ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരം,മേപ്പൂക്കട,മലയിൻകീഴ്(കൃഷ്ണമംഗലം) പൊതുമാർക്കറ്റുകൾ, ബാങ്ക്പരിസരങ്ങൾ

 വഴിനടക്കാൻ വയ്യേ...

മണപ്പുറം, ശ്രീനാരായണ ലെയിൻ,കോട്ടമ്പൂര് എന്നിവിടങ്ങളിലേക്ക് പോകുന്നിടത്തെല്ലാം നായ്ക്കളുടെ ശല്യമുണ്ട്. മലയിൻകീഴ് -ശാന്തിനഗർ നിവാസികൾ നായ്ക്കളെ കൊണ്ട് പൊറുതിമുട്ടി.

മലയിൻകീഴ് ക്ഷേത്ര ജംഗ്ഷൻ,ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര പരിസരം,മലയിൻകീഴ് ഗവ.എൽ.പി.ബി.എസ്,മലയിൻകീഴ് ഊരൂട്ടമ്പലം റോഡ്,പാപ്പനംകോട് റോഡ് എന്നീ സ്ഥലങ്ങൾ നായ്ക്കളുടെ താവളമാണ്. വിളപ്പിൽശാല പൊതുമാർക്കറ്റ്, പടവൻകോട്,പേയാട്-വിളപ്പിൽശാല റോഡ്,പേയാട്,പള്ളിമുക്ക്,മാർക്കറ്റ് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ നായ്ക്കളുടെ കേന്ദ്രമാണ്.

 ചികിത്സയും...

തെരുവുനായ്ക്കൾക്ക് വന്ധ്യംകരണം നടത്തിയിട്ടും ശല്യത്തിന് യാതൊരു കുറവുമില്ല. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്ക് പലപ്പോഴും സർക്കാർ ആശുപത്രികളിൽ ചികിത്സ ലഭിക്കാറില്ലെന്നും ആക്ഷേപമുണ്ട്.