കൊച്ചിയിൽ നിന്ന് കാണാതായ 14കാരനെ തൊടുപുഴയിൽ കണ്ടെത്തി

Thursday 29 May 2025 1:05 AM IST

തൊടുപുഴ: കൊച്ചിയിൽ നിന്ന് കാണാതായ 14 കാരനെ ഇന്നലെ രാവിലെ തൊടുപുഴ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് കൈനോട്ടക്കാരനൊപ്പം പൊലീസ് കണ്ടെത്തി. കൈനോട്ടക്കാരനായ തൊടുപുഴ കോലാനി മാനാന്തടംപാറ ശശികുമാറിന്റെ (മാഫിയ ശശി- 55) ഒപ്പമാണ് കുട്ടി രാത്രി കഴിഞ്ഞത്. ഇയാളെ കസ്റ്റഡിയിലെടുത്ത് എളമക്കര പൊലീസിന് കൈമാറി. കുട്ടിയെ തട്ടിക്കൊണ്ടുപോയതിനും ഉപദ്രവിച്ചതിനും ഇയാളുടെ പേരിൽ പോക്‌സോ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ ഇടപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിൽ എട്ടാം ക്ലാസിലെ സേ പരീക്ഷയെഴുതാൻ പോയ കുട്ടി ഉച്ചയായിട്ടും വീട്ടിലെത്താതായതോടെ രക്ഷിതാക്കൾ അന്വേഷണം ആരംഭിക്കുകയും എളമക്കര പൊലീസിൽ പരാതി നൽകുകയുമായിരുന്നു. സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മൂവാറ്റുപുഴ ഭാഗത്തേക്ക് പോയതായി വ്യക്തമായി. പൊലീസും ബന്ധുക്കളും ചേർന്ന് വ്യാപക പരിശോധന നടത്തിയെങ്കിലും ചൊവ്വാഴ്ച രാത്രി വൈകിയും കുട്ടിയെ കണ്ടെത്താനായില്ല.

ഇന്നലെ രാവിലെ ശശികുമാർ കുട്ടി നൽകിയ നമ്പരിൽ ബന്ധുവിനെ വിളിച്ച് കുട്ടി തന്നോടൊപ്പമുണ്ടെന്ന് അറിയിക്കുകയായിരുന്നു. എളമക്കര പൊലീസ് അറിയിച്ചതനുസരിച്ച് തൊടുപുഴ പൊലീസെത്തി തൊടുപുഴ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് ശശികുമാറിനെയും കുട്ടിയെയും കസ്റ്റഡിയിലെടുത്തു. തുടർന്ന് എളമക്കര പൊലീസും രക്ഷിതാക്കളും സ്റ്റേഷനിലെത്തി. തൊടുപുഴ പൊലീസ് സ്റ്റേഷനിൽ എത്തിച്ച കുട്ടിയെ ഇവർക്ക് കൈമാറി.

തൊടുപുഴ സ്വദേശിയായ യൂട്യൂബറുടെ ആരാധകനായ കുട്ടി ഇയാളുടെ വ്ലോഗ് കണ്ടാണ് നഗരത്തിലെത്തിയത്. അച്ഛൻ പലപ്പോഴായി നൽകിയ 60 രൂപയാണ് കൈയിലുണ്ടായിരുന്നത്. അമ്പലം റോഡിലെ ബസ് സ്റ്റോപ്പിൽ കുട്ടി തനിച്ചിരിക്കുന്നതു കണ്ട ശശികുമാർ അടുത്തു കൂടി ഓട്ടോയിൽ കയറ്റി ഇയാളുടെ വീട്ടിലെത്തിക്കുകയായിരുന്നു. ഇവിടെ വച്ച് ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചെങ്കിലും കുട്ടി എതിർത്തതിനാൽ പിന്തിരിഞ്ഞു.

വിവിധ സ്ഥലങ്ങളിലായി മാറി താമസിക്കുന്ന ശശികുമാർ പല പേരുകളിലാണ് അറിയപ്പെട്ടിരുന്നതെന്ന് തൊടുപുഴ സി.ഐ എസ്. മഹേഷ്‌കുമാർ പറഞ്ഞു. തൊടുപുഴയിൽ സുനിൽകുമാർ എന്നാണ് ഇയാൾ പേരു പറഞ്ഞിരുന്നത്. സ്ത്രീകളോട് മോശമായി പെരുമാറിയതിന്റെ പേരിൽ ഇയാളുടെ പേരിൽ കേസെടുത്തിട്ടുണ്ടെന്നും സി.ഐ പറഞ്ഞു. അറസ്റ്റ് ചെയ്ത ശശികുമാറിനെ കോടതിയിൽ ഹാജരാക്കുമെന്ന് എളമക്കര എസ്.എച്ച്.ഒ പറഞ്ഞു.