സി.എം.ആർ.എല്ലിനെതിരെ കുറ്റപത്രം നൽകിയത് വിമർശിച്ച് കോടതി

Thursday 29 May 2025 12:07 AM IST

ന്യൂഡൽഹി: സി.എം.ആർ.എല്ലിനെതിരായ മാസപ്പടി കേസിൽ കുറ്റപത്രം സമർപ്പിക്കാതെ അന്വേഷണം തുടരുമെന്ന ഉറപ്പ് ലംഘിച്ചതിന് എസ്.എഫ്.ഐ.ഒയ്‌ക്ക് ഡൽഹി ഹൈക്കോടതിയുടെ വിമർശനം. വാക്ക് തെറ്റിച്ചത് ശരിയായ നടപടിയായില്ലെന്ന് ജസ്റ്റിസ് സുബ്രഹ്‌മണ്യ പ്രസാദ് ചൂണ്ടിക്കാട്ടി. ഏപ്രിൽ 9ന് ജസ്റ്റിസ് ഗിരീഷ് കത്പാലിയയുടെ ബെഞ്ച് കേസ് പരിഗണിച്ചപ്പോൾ ഹർജി തീർപ്പാക്കുന്നത് വരെ,കുറ്റപത്രം ഫയൽ ചെയ്യാതെ അന്വേഷണം തുടരാൻ ഇരുവിഭാഗവും തമ്മിൽ വാക്കാൽ ധാരണയുണ്ടെന്ന് സി.എം.ആർ.എൽ അഭിഭാഷകൻ അവകാശപ്പെട്ടിരുന്നു. എസ്.എഫ്.ഐ.ഒയ്‌ക്ക് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ (എ.എസ്.ജി) ചേതൻ ശർമ്മ അത് നിഷേധിച്ചതിനെ തുടർന്ന് ജസ്റ്റിസ് ഗിരിഷ് കേസ് മുൻപ് പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്‌മണ്യ പ്രസാദിന് വിടുകയായിരുന്നു. ഉറപ്പുകൾ എഴുതി വാങ്ങണമെന്ന് നിർദ്ദേശമുണ്ടെങ്കിലും മുതിർന്ന അഭിഭാഷകരുടെ വാക്കുകൾ തങ്ങൾ മുഖവിലയ്ക്ക് എടുക്കാറുണ്ടെന്ന് ഇന്നലെ ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് എ.എസ്.ജിയോട് പറഞ്ഞു. എസ്.എഫ്.ഐ.ഒ നടപടി കേരള ഹൈക്കോടതിയിലെ കേസിലെ ബാധിച്ചേക്കാം. ഉറപ്പ് പാലിക്കാതിരുന്നതിലെ അതൃപ്‌തി രേഖപ്പെടുത്തിയശേഷം കേസ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിലേക്ക് തിരിച്ചയച്ചു.