തിരഞ്ഞെടുപ്പ് 19ന്: കമലഹാസൻ രാജ്യസഭയിലേക്ക്
□ഡി.എം.കെ മൂന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
ചെന്നൈ: ചലച്ചിത്ര താരവും മക്കൾ നീതി മയ്യം അദ്ധ്യക്ഷനുമായ കമലഹാസൻ തമിഴ്നാട്ടിൽ നിന്ന് രാജ്യസഭയിലെത്തും. മക്കൾ നീതി മയ്യം കമലഹാസനെ ഇന്നലെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഡി.എം.കെയുമായുള്ള ധാരണ പ്രകാരമാണ് തീരുമാനം. ഇന്നലെ തിരുവനന്തപുരത്തുണ്ടായിരുന്ന കമലഹാസനും ഇക്കാര്യം സ്ഥിരീകരിച്ചു.
തമിഴ്നാട്ടിൽ ഒഴിവ് വരുന്ന ആറ് രാജ്യസഭാ സീറ്റുകളിൽ ജൂൺ 19നാണ് തിരഞ്ഞെടുപ്പ്. മൂന്ന് സ്ഥാനാർത്ഥികളെ ഡി.എം.കെയും പ്രഖ്യാപിച്ചു. പി.വിൽസൻ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കും. എസ്.ആർ ശിവലിംഗം, എഴുത്തുകാരി സൽമ എന്നിവരാണ് ഡി.എം.കെയുടെ മറ്റ് സ്ഥാനാർത്ഥികൾ. അതേ സമയം, നിലവിൽ രാജ്യസഭാംഗമായ വൈക്കോയ്ക്ക് സീറ്റ് നിഷേധിച്ചു.
ഡി.എം.കെ മുന്നണിക്ക് നാലു പേരെ ജയിപ്പിക്കാനുളള അംഗബലമുണ്ട്. രണ്ടു പേരെ എൻ.ഡി.എക്ക് രാജ്യസഭയിലെത്തിക്കാം. അതിലൊന്ന് ബി.ജെ.പിക്ക് വേണമെന്ന് സംസ്ഥാന നേതൃത്വം അണ്ണാ ഡി.എം.കെയോട് ആവശ്യപ്പെട്ടതായാണ് സൂചന. ആവശ്യം അണ്ണാ ഡി.എം.കെ അംഗീകരിച്ചാൽ മുൻ സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ സ്ഥാനാർത്ഥിയായേക്കും. കമലഹാസന് രാജ്യസഭാ സീറ്റ് നൽകാൻ നേരത്തെ ഡി.എം.കെ തീരുമാനിച്ചിരുന്നു.ഡി.എം.കെയുമായുണ്ടാക്കിയ ധാരണയനുസരിച്ച് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം സ്ഥാനാർത്ഥികളെ നിറുത്തിയില്ല. പകരം കമലഹാസൻ താരപ്രചാരകന്റെ റോളിൽ മുന്നണിക്കു വേണ്ടി വോട്ടു തേടിയിരുന്നു.
''ജനങ്ങളുടെ ശബ്ദം രാജ്യസഭയിലെത്തിക്കും. ഭാഷയ്‌ക്കോ സംസ്ഥാനത്തിനോ വേണ്ടിയല്ല, രാജ്യത്തിനു വേണ്ടി സംസാരിക്കും''- കമലഹാസൻ