ഗാസയിലെ ഹമാസ് തലവൻ മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടു, സ്ഥിരീകരിച്ച് ഇസ്രയേൽ

Thursday 29 May 2025 12:29 AM IST

ടെൽഅവീവ്: ഹമാസിന്റെ ഗാസയിലെ മേധാവി മുഹമ്മദ് സിൻവാറിനെ (49) വധിച്ചെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ​ഹ​മാ​സ് ​മുൻ ത​ല​വ​ൻ​ ​യ​ഹ്യാ​ ​സി​ൻ​വാ​റി​ന്റെ സഹോദരനാണ്. ഹമാസ് കമാൻഡറായ മുഹമ്മദ് ഷബാനയും കൊല്ലപ്പെട്ടു.

കഴിഞ്ഞ 13ന് തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെ യൂറോപ്യൻ ഹോസ്‌പിറ്റലിലെ ബങ്കറിൽ ഇസ്രയേൽ സൈന്യം നടത്തിയ സ്ഫോടനത്തിലാണ് ഇവരടക്കം 26പേർ കൊല്ലപ്പെട്ടത്.

ഇരുവരുടേയും മൃതദേഹങ്ങൾ ബങ്കറിൽ നിന്ന് സൈന്യം വീണ്ടെടുത്ത് പരിശോധന നടത്തിയാണ് സ്ഥിരീകരിച്ചത്. മുഹമ്മദ് കൊല്ലപ്പെട്ടിരിക്കാമെന്ന് നെതന്യാഹു നേരത്തെ സൂചിപ്പിച്ചിരുന്നു.

2023​ ​ഒ​ക്ടോ​ബ​ർ​ 7​ന് ​ഇ​സ്ര​യേ​ലി​ൽ​ ​ഹ​മാ​സ് ​ന​ട​ത്തി​യ​ ​മി​ന്ന​ലാ​ക്ര​മ​ണ​ത്തി​ന്റെ​ ​സൂ​ത്ര​ധാ​ര​നായ യഹ്യാ സിൻവാറിനെ കഴിഞ്ഞ ഒക്ടോബറിലാണ് ഇസ്രയേൽ വധിച്ചത്. തുടർന്നാണ് മുഹമ്മദ് ഗാസയിലെ ഹമാസിന്റെ നിയന്ത്രണം ഏറ്റെടുത്തത്. മുഹമ്മദും ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രങ്ങളിൽ ഒന്നാണെന്ന് ഇസ്രയേൽ പറയുന്നു.

ഇസ്രയേലിന്റെ നോട്ടപ്പുള്ളി

മുഹമ്മദ്, ഹമാസിന്റെ സൈനിക വിഭാഗമായ അൽ-ഖാസം ബ്രിഗേഡിന്റെ മേധാവി

ഹമാസിന്റെ ഖാൻ യൂനിസ് ബ്രിഗേഡ് മുൻ തലവൻ

6 തവണ ഇസ്രയേലിന്റെ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടു

1990കളിൽ ഇസ്രയേലിൽ ജയിൽ ശിക്ഷ അനുഭവിച്ചു

ഇയാൾ കൊല്ലപ്പെട്ടെന്ന് 2014ൽ ഹമാസ് അവകാശപ്പെട്ടെങ്കിലും നുണയാണെന്ന് കണ്ടെത്തി. ഗാസയിലെ ഭൂഗർഭ ടണലുകളിൽ രഹസ്യ ജീവിതം

ഇയാളെപറ്റി പരിമിതമായ അറിവേ പുറംലോകത്തിനുള്ളു

ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഇസ്രയേൽ 3,00,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു