ഒരാഴ്ചയ്ക്കിടെ 14 മോഷണം; രണ്ടുപേർ പിടിയിൽ

Thursday 29 May 2025 1:36 AM IST

വിഴിഞ്ഞം: തുണിക്കടകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതികൾ പിടിയിൽ.ബീമാപള്ളി സ്വദേശി മുഹമ്മദ് സെയ്ദ്(20),ബാലരാമപുരം സ്വദേശി മുഹമ്മദ് അമീൻ (18) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ 26ന് പുലർച്ചെ മുക്കോല - ഉച്ചക്കട റോഡിൽ പെട്രോൾ പമ്പിന് സമീപം റോയൽ മെൻസ് വെയർ റെഡിമെയ്ഡ് കടയുടെ പൂട്ടുകൾ തകർത്ത് മോഷണം നടത്തിയ പ്രതികളാണിവർ.

ഇവരെ ചോദ്യം ചെയ്തതോടെയാണ് 14ഓളം മോഷണക്കേസുകൾക്ക് തുമ്പായത്. പ്രതികളിൽ ഒരാൾ മുക്കോലയിലെ തുണിക്കടയിലെ മോഷണക്കേസിലെ പ്രതിയാണ്. സംഭവത്തിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

മുക്കോലയിൽ നിന്ന് വസ്ത്രശേഖരം,വിവിധതരം വാച്ചുകൾ,പെർഫ്യൂമുകൾ,​നാലായിരത്തിലധികം രൂപ എന്നിവയാണ് മോഷ്ടിച്ചത്. മാസ്ക് ധരിച്ച രണ്ടുപേർ മോഷണം നടത്തുന്നതായി സി.സി ടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ചാക്കുകളിൽ നിറച്ച വസ്ത്രശേഖരം ഇരുചക്ര വാഹനത്തിൽ കടത്തിക്കൊണ്ടുപോവുകയായിരുന്നു.

ഇക്കഴിഞ്ഞ 20 മുതൽ 26വരെ 14 ഓളം മോഷണമാണ് ഇവർ നടത്തിയത്. പ്രതികൾ സുഹൃത്തുക്കളാണ്. ഇവർ മോഷണത്തിന് തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിൽ നിന്ന് ഇരുചക്ര വാഹനങ്ങളും മോഷ്ടിക്കും.പെട്രോൾ തീർന്നാൽ ഈ വാഹനം ഉപേക്ഷിച്ച് മറ്റൊരു വാഹനം മോഷ്ടിച്ച് വീണ്ടും മോഷണം നടത്തുന്നതാണ് രീതിയെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച പണം കൊണ്ട് ആർഭാടജീവിതം നയിക്കുകയും,​ തുണിത്തരങ്ങൾ സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവർക്ക് വിതരണം ചെയ്യുകയുമാണ് രീതി. ഇവരിൽ നിന്ന് മോഷ്ടിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രതികൾക്ക് മുൻപ് ജുവനൈൽ കേസുണ്ടായിരുന്നെങ്കിലും മോഷണക്കേസിൽ പിടികൂടുന്നത് ആദ്യമായാണ്. ഇവർക്കെതിരെ വിഴിഞ്ഞത്തും ബാലരാമപുരത്തും 4 കേസുകൾ വീതമുണ്ട്. കൂടാതെ പാറശാല,തമിഴ്നാട്,​ കളിയിക്കാവിള സ്റ്റേഷനുകളിലും മോഷണക്കുറ്റത്തിന് കേസുണ്ട്.

എസ്.ഐമാരായ എം.പ്രശാന്ത്,ദിനേശ്,എസ്.സി.പി.ഒ രാമു.പി.വി,അരുൺ.പി.മണി,വിനായകൻ,സി.പി.ഒമാരായ റജിൻ,ഗോഡ്‌വിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.