ബി.ജെ.പി നേതാവ് വിജയ് ഷായുടെ മുൻകൂർ ജാമ്യം നീട്ടി

Thursday 29 May 2025 12:39 AM IST

ന്യൂഡൽഹി: കേണൽ സോഫിയ ഖുറേഷിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ മദ്ധ്യപ്രദേശ് ബി.ജെ.പി നേതാവും മന്ത്രിയുമായ കുൻവർ വിജയ് ഷായുടെ മുൻകൂർ ജാമ്യം സുപ്രീംകോടതി നീട്ടി. അതേസമയം ഷായ്‌ക്കെതിരെ മദ്ധ്യപ്രദേശ് ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച നടപടികൾ ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് അവസാനിപ്പിച്ചു. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥർ അടങ്ങിയ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി മദ്ധ്യപ്രദേശ് പൊലീസ് ഇന്നലെ അറിയിച്ചു. അന്വേഷണം ആരംഭിച്ചെന്ന് ചൂണ്ടിക്കാട്ടിയ പൊലീസ് കൂടുതൽ തെളിവുകൾ ശേഖരിച്ചെന്നും സാക്ഷി മൊഴി രേഖപ്പെടുത്തിയെന്നും അറിയിച്ചു. ഇതേ തുടർന്നാണ് മുൻകൂർ ജാമ്യം നീട്ടിയത്. ഒരു കേസിൽ രണ്ടു കോടതിയിൽ നടപടികൾ ആവശ്യമില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മദ്ധ്യപ്രദേശ് കോടതി സ്വമേധയാ എടുത്ത കേസ് അവസാനിപ്പിക്കാൻ നിർദ്ദേശിച്ചു.