പാറശാലയിൽ പെരുമഴയിലും കുടിവെള്ളം കിട്ടാനില്ല

Thursday 29 May 2025 12:02 AM IST

പാറശാല: ദിനംപ്രതിയുള്ള പൈപ്പ് പൊട്ടൽകാരണം മഴയായാലും വേനലായാലും പാറശാലക്കാർക്ക് കുടിവെള്ളം കിട്ടാറില്ല. പാറശാലയിലെ കുടിവെള്ള വിതരണം ഉറപ്പുവരുത്താനെന്നപേരിൽ കോടികൾ ചെലവാക്കി പദ്ധതികൾ പലതും നടപ്പിലാക്കിയിട്ടുണ്ടെങ്കിലും നാട്ടുകാരുടെ നെട്ടോട്ടത്തിന് അറുതി വരുന്നില്ല. പാറശാല ടൗൺ മേഖലയിൽ കുടിവെള്ളം കിട്ടിയിട്ട് ഒരാഴ്ചയായി. അതേസമയം, ഉയരംകൂടിയ പ്രദേശങ്ങളിൽ കുടിവെള്ളം കിട്ടിയിട്ട് മൂന്ന് ആഴ്ചയോളമായി. വാട്ടർഅതോറിട്ടിക്ക് നിരവധി തവണ പരാതി നൽകിയിട്ടും ഇതുവരെ നടപടിയില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

കാരണം പലത്

അടിക്കടിയുള്ള പൈപ്പ് പൊട്ടൽ, ജലസംഭരണികളിലെ വെള്ളത്തിന്റെ കുറവ്, നെയ്യാർ ഇറിഗേഷന്റെ കനാലിലൂടെ വെള്ളം തുറന്ന് വിടാതിരിക്കുക, കനത്ത മഴയെ തുടർന്നുള്ള വൈദ്യുതി തകരാറുകൾ

 പറയാൻ ഓരോരോ കാരണങ്ങൾ

പൈപ്പ് പൊട്ടലാണ് കുടിവെള്ളം കിട്ടാത്തതിന് പ്രധാന കാരണമായി അധികൃതർ പറയുന്നത്. എന്നാൽ വേനൽ കടുത്തതോടെ ജലാശയങ്ങളിൽ ആവശ്യത്തിന് വെള്ളമില്ലെന്നായി. മഴ തുടങ്ങിയതോടെ പമ്പിംഗിന് വൈദ്യുതിയില്ലെന്ന കാരണമാണ് പറയുന്നത്. നേരത്തെ ജലസംഭരണികളിലെ അറ്റകുറ്റപ്പണികൾക്കായി പലതവണ കുടിവെള്ള വിതരണം നിറുത്തിവച്ചിട്ടുണ്ട്.

ശുദ്ധീകരണവും പാളി

നെയ്യാറിൽ നിന്ന് കനാൽവഴി തുറന്നുവിടുന്ന വെള്ളം ജലസംഭരണികളായ കുളങ്ങളിലെത്തിച്ച് ശുദ്ധീകരിച്ച ശേഷം ടാങ്കുകളിൽ സംഭരിച്ചാണ് വിതരണം നടത്തുന്നത്.